എറണാകുളം :ഓണക്കിറ്റിന് വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയായതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ. കൊച്ചി സപ്ലൈകോ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത മാസം പത്തിന് ശേഷം കിറ്റുകളുടെ വിതരണം തുടങ്ങുമെന്നും ഓണത്തിന് മുമ്പ് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
തുണി സഞ്ചി ഉൾപ്പടെ 14 ഉത്പന്നങ്ങള്‍ ഉൾപ്പെടുന്നതാണ് ഓണക്കിറ്റ്. 465 കോടി രൂപയാണ് കിറ്റിന് ചെലവ് പ്രതീക്ഷിക്കുന്നത്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് റേഷൻ കടക്കാരുടെ പ്രയാസങ്ങൾ കൂട്ടായി പരിഹരിക്കാമെന്ന് മന്ത്രി പറഞ്ഞു. ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന തലത്തിലും ജില്ല തലത്തിലും, മണ്ഡല തലത്തിലും ഓണം ഫെയറുകൾ ആരംഭിക്കും.
സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 27 ന് തിരുവനന്തപുരത്ത് നടക്കും. എറണാകുളത്തും കോഴിക്കോടും മെട്രോ ഫെയറുകളും നടത്തും. ഓരോ സപ്ലൈകോ സൂപ്പർ മാർക്കറ്റിലും സെപ്റ്റംബർ 1 മുതൽ 8 വരെ പച്ചക്കറി ഉൾപ്പടെ നൽകും.
മന്ത്രി ജി.ആര്‍ അനില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു ഫെയറിന് അനുബന്ധമായി 1000 രൂപ വില വരുന്ന കിറ്റ് ലഭ്യമാക്കും. ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഇത്തരം കിറ്റുകൾ വില്‍പ്പന നടത്തുന്നത്. ഓരോ നൂറ് കിറ്റിലും നറുക്കെടുപ്പ് നടത്തും. ഓരോ സൂപ്പർ മാർക്കറ്റിലും 250 കിറ്റുകൾ നൽകുമെന്നും മന്ത്രി അറിയിച്ചു.
ജി.എസ്.ടി ഒഴിവാക്കിയാണ് സപ്ലൈകോ നിത്യോപയോഗ സാധനങ്ങൾ നൽകി വരുന്നത്. ഇതോടെ 25 കോടി രൂപയാണ് അധിക ബാധ്യതയായി വരുന്നത്. ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഏർപ്പെടുത്തിയതിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ ഉത്പന്നങ്ങളിലെ മായം തടയുന്നതിന് കർശനമായ പരിശോധന തുടങ്ങും. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. കേരളത്തിലെ മുൻഗണനേതര വിഭാഗങ്ങൾക്കുള്ള ഗോതമ്പ് ഒരു വർഷത്തേക്ക് കേന്ദ്രം പൂർണമായും നിർത്തിയിരിക്കുകയാണ്.
ഗോതമ്പിന് പകരം ആ വിലയ്ക്ക് റാഗി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി അത് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. വെള്ളക്കടല നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നോൺ സബ്‌സിഡി ഇനത്തിൽ ഇരുപത്തിരണ്ടായിരം കിലോ ലിറ്റർ മണ്ണെണ്ണ നൽകാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി സമ്മതിച്ചിട്ടുണ്ടെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി പറഞ്ഞു.