എറണാകുളം : ആറ് മാസത്തിലേറെയായി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപം രാവിലെ ആറേമുക്കാൽ മുതൽ ഒമ്പത് മണി വരെ സജീവമാകുന്ന സംഗീതയുടെ തട്ടുകട നാട്ടുകാർക്ക് പതിവുകാഴ്ചയാണ്. കേവലമൊരു ചായ വിൽപ്പനക്കാരി മാത്രമല്ല സംഗീത. സിവിൽ സർവീസ് എന്ന സ്വപ്‌നവുമായി ജീവിക്കുന്ന ബിരുദാനന്തര ബിരുദധാരിയാണ്.
തട്ടുകട ഉപജീവനമാർഗം, സ്വപ്‌നം സിവിൽ സർവീസ് ; ലക്ഷ്യത്തിലേക്ക് ചുവടുകളുമായി സംഗീത ഓരോ ദിവസവും സേമിയ അടയും, റാഗി അടയും, ഇല അടയുമുൾപ്പടെ നാട്ടുകാർക്കായി രുചി വൈവിധ്യങ്ങളൊരുക്കുന്ന സംഗീത കാത്തിരിക്കുന്നത് ഐ.എ.എസ് എന്ന ഇരട്ടിമധുരത്തിനായാണ്. ഇതിനകം പി.ജി പൂർത്തിയാക്കി ഫലം കാത്തിരിക്കുന്ന സംഗീതയുടെ മനസിൽ ഐ.എ.എസിൽ കുറഞ്ഞൊരു സ്വപ്‌നവുമില്ല.
സിവിൽ സർവീസ് മോഹവുമായി നടക്കുന്ന പെൺകുട്ടിയാണ് സംഗീത എന്നറിഞ്ഞതോടെ പ്രോത്സാഹനവുമായി നിരവധി പേരാണ് എത്തുന്നത്. എറണാകുളം ജില്ല കലക്‌ടറും നേരിട്ടെത്തി പിന്തുണയറിയിച്ചു.
കലക്‌ടറുടെ പിന്തുണ ആത്മവിശ്വാസം പകരുന്നുവെന്നും വിജയത്തിലേക്കെത്താൻ പരിശ്രമിക്കേണ്ടത് എങ്ങനെയെന്ന മാർഗനിർദേശം അദ്ദേഹത്തില്‍ നിന്ന് ലഭിച്ചതായും സംഗീത പറയുന്നു.
Also Read: കോടതി മുറിക്കുള്ളിലെ വെടിവയ്പ്പ് ; രണ്ട് പേർ അറസ്റ്റിൽ
നാല് പതിറ്റാണ്ട് മുമ്പാണ് സംഗീതയുടെ കുടുംബം തമിഴ്നാട്ടിലെ തേനിയിൽ നിന്നും കൊച്ചിയിലെത്തിയത്. അച്ഛൻ ചിന്നമുത്തുവിന്‍റെ തേപ്പ് ജോലിയായിരുന്നു കുടുംബത്തിന്‍റെ ഏക ഉപജീവനമാർഗം. കൊവിഡ് സാഹചര്യത്തിൽ ജോലി കുറഞ്ഞതോടെ അതിജീവനത്തിന് വേണ്ടിയാണ് ഈ എം.കോംകാരിയും ചിന്നമുത്തുവും കൂടി തട്ടുകട തുടങ്ങിയത്.
പഠിക്കാനായി മകൾ തട്ടുകട നടത്തുന്നതിൽ ആദ്യം പ്രയാസമുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഏറെ ആശ്വാസമാണെന്ന് ചിന്നമുത്തു പറയുന്നു. ലോണടയ്ക്കുന്നതും പഠനച്ചലവ് കണ്ടെത്തുന്നതും ഈ വരുമാനം കൊണ്ടാണ്.
ഇപ്പോൾ ഓൺലൈൻ പരിശീലനങ്ങളിലാണ് സംഗീത ശ്രദ്ധിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ക്ലാസുകൾ ആരംഭിക്കുന്നതോടെ കൊച്ചിയിലെ ഏതെങ്കിലും പരിശീലന കേന്ദ്രങ്ങിൽ ചേരാനാണ് സംഗീത ലക്ഷ്യമിടുന്നത്.
പോരാടി നേടുന്ന ജീവിത വിജയത്തിന് തിളക്കമേറെയുണ്ട്.പരിമിതികളിൽ പകച്ചുനിൽക്കരുതെന്നും ലക്ഷ്യം മുന്‍നിര്‍ത്തി പ്രയത്നിക്കണമെന്നും സംഗീത ഓര്‍മിപ്പിക്കുന്നു.