സുബി സുരേഷിന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ എറണാകുളം:അന്തരിച്ച സിനിമ-സീരിയൽ താരം സുബി സുരേഷിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. വരാപ്പുഴ പുത്തൻ പള്ളി പാരിഷ് ഹാളിൽ രാവിലെ പത്തു മണിക്ക് തുടങ്ങിയ പൊതുദർശനം വൈകുന്നരം മൂന്ന് മണിവരെ തുടരും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എംപി, കെ വി തോമസ്, നടന്മാരായ ഹരിശ്രീ അശോകൻ, രമേശ് പിഷാരടി, അജു വർഗീസ്, നടി മഞ്ജു പിള്ള, മറീന മൈക്കിൾ, സംവിധായകൻ സിദ്ദീഖ് തുടങ്ങി രാഷ്‌ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് അന്തിമോപചാരം അർപ്പിച്ചത്.
സിനിമ, സീരിയൽ അഭിനയത്തിലൂടയും വ്യത്യസ്‌തമായ ഷോകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും തങ്ങളുടെ പ്രിയങ്കരിയായി മാറിയ താരത്തെ അവസാനമായി ഒരു നോക്കു കാണാൻ സമൂഹത്തിന്‍റെ നാനാതുറകളിലുള്ള നൂറുകണക്കിന് ആളുകളാണ് രാവിലെ മുതൽ ഒഴുകിയെത്തിയത്. സഹപ്രവർത്തകരും പൊതുജനങ്ങളും ഏറെ വികാരവായ്പോടെയാണ് തങ്ങളുടെ പ്രിയതാരത്തിന് അന്തിമോപാചാരം അർപ്പിച്ചത്.
ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് താരങ്ങളെല്ലാം മടങ്ങിയത്. തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകയെ ആകസ്‌മികമായി നഷ്‌ടമായത് താങ്ങാനാകാതെ പലരും വിങ്ങിപ്പൊട്ടുന്നതും കാണാമായിരുന്നു. വൈകുന്നേരം മൂന്ന് മണിയോടെ ചേരാനല്ലൂർ പൊതുശ്‌മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെയായിരുന്നു വരാപ്പുഴയിലെ വീട്ടിൽ എത്തിച്ചത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ വച്ച് തന്നെ അന്തിമോപചാരം അർപ്പിച്ചിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുബി സുരേഷ് ഇന്നലെ രാവിലെ ഒമ്പതര മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ രണ്ടാഴ്‌ചയായി കരൾ രോഗം ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തുടരുകയായിരുന്നു.
കരൾമാറ്റ ശസ്‌ത്രക്രിയക്ക് വേണ്ടിയുള്ള ശ്രമം നടന്നുവരികയായിരുന്നു. കരൾ ദാതാവിനെ കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളാവുകയും വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇതോടെയാണ് കരൾ മാറ്റ ശസ്‌ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാമെന്ന പ്രതീക്ഷകൾ അസ്‌തമിച്ചത്.