എറണാകുളം: വ്യാജ ഐഡിയിൽ സിനിമ റിവ്യൂ ചെയ്യുന്നവരെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അമിക്യസ് ക്യൂറി ഹൈക്കോടതിയിൽ. റിവ്യൂ എന്ന പേരിൽ എന്തും എഴുതാം, എന്തും പറയാം എന്നത് ശരിയല്ല. അജ്ഞാതനായി നിന്ന് അഭിപ്രായങ്ങൾ പറയുന്നതാണ് പ്രശ്‌നമെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതിനിടെ ബ്ലാക്ക് മെയിലിങ് അല്ലെങ്കിൽ ക്രിമിനൽ സ്വഭാവമുള്ള പരാതികളിൽ കേസെടുക്കുമെന്നതടക്കം വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ പ്രോട്ടോകോൾ സമർപ്പിച്ചു (Cinema Negative Review Bombing Special protocol). ഓൺലൈൻ റിവ്യൂവിന്‍റെ പേരിൽ അപകീർത്തികരമായ രീതിയിലോ, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയോ ചെയ്‌താൽ കേസെടുക്കാനാകുമെന്ന് പൊലീസ് അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കാമെന്നും എന്നാൽ അതിന്‍റെ മറവിൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി അപകീർത്തികരമായ രീതിയിൽ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും ഡിജിപി അനിൽകാന്തിന്‍റെ റിപ്പോർട്ട് പറയുന്നു.
സിനിമ നെഗറ്റീവ് റിവ്യൂ ബോംബിങ് തടയാനായി എന്ത് ചെയ്യാനാകുമെന്ന കാര്യത്തിൽ ഹൈക്കോടതി നേരത്തെ സംസ്ഥാന പൊലീസ് മേധാവിയോട് നിലപാട് ആരാഞ്ഞിരുന്നു. തുടർന്ന് സിനിമ റിവ്യൂ ബോംബിങ് തടയാനായുള്ള പ്രോട്ടോകോൾ സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ബ്ലാക്ക് മെയിലിങ്, ക്രിമിനൽ സ്വഭാവമുള്ള പരാതികളിൽ കേസെടുക്കുന്നതടക്കം വ്യക്തമാക്കുന്നതാണ് പ്രോട്ടോകോൾ.
അപകീർത്തികരമായ റിവ്യൂ വന്നാൽ ബന്ധപ്പെട്ടവർക്ക് മാനനഷ്‌ട കേസ് നൽകാം. ഐടി ആക്‌ടിന്‍റെ ലംഘനം ഉണ്ടായാൽ പൊലീസിന് കേസെടുക്കാമെന്നും പ്രോട്ടോകോളിൽ പറയുന്നുണ്ട്. അതേസമയം വ്യാജ ഐഡികൾ വഴിയാണ് ഭൂരിഭാഗം നെഗറ്റീവ് റിവ്യൂ എന്നതിനാൽ നടപടിയെടുക്കാൻ പരിമിതി ഉണ്ടെന്നും ഡിജിപി കോടതിയിൽ അറിയിച്ചു. വ്യാജ ഐഡിയിൽ റിവ്യൂ ചെയ്യുന്നവരെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അമിക്യസ് ക്യൂറിയും കോടതിയെ അറിയിച്ചിട്ടുണ്ട്.