കൊച്ചി: മനസിന് ശാന്തി തേടിയാണ് ആരോടും പറയാതെ യാത്ര പോയതെന്നും കാത്തിരുന്ന് വിഷമിച്ചവരോട് എന്നും കടപ്പാടുണ്ടാകുമെന്നും സിഐ നവാസ്. പറയാനുള്ള കാര്യങ്ങൾ മേലുദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടന്നും സിഐ നവാസ് വ്യക്തമാക്കി. മനസ്സ് വേദനിച്ചാൽ ചിലർ കരയും. മനസ്സ് ശാന്തമാക്കാൻ ചിലർ മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടും. അത് പറ്റാത്തത് കൊണ്ടാണ് ആരോടും പറയാതെ യാത്ര പോയതെന്നാണ് നവാസ് മാധ്യമങ്ങളോട് പറഞ്ഞത്. രാമനാഥപുരത്തെ തന്‍റെ ഗുരുവിനെ കണ്ടു. രാമേശ്വരത്ത് പോയി. കുടുംബത്തെ പിന്തുണച്ചതിന് നന്ദിയുണ്ടെന്നും ബാക്കി കാര്യങ്ങളെല്ലാം ഡിപ്പാര്‍ട്ട്മെൻ്റ് തീരുമാനിക്കട്ടെയെന്നും നവാസ് പറഞ്ഞു.
മനസിന് ശാന്തി തേടിയാണ് യാത്ര പോയതെന്ന് സിഐ നവാസ് - അസിസ്റ്റന്‍റ് കമ്മീഷണർ
കാണാതായ 48 മണിക്കൂര്‍ അടുപ്പമുണ്ടായിയുന്നവര്‍ക്ക് ഏറെ വിഷമുണ്ടാക്കി എന്ന് അറിഞ്ഞപ്പോൾ തിരിച്ച് വരാൻ തിടുക്കമായെന്നും തിരിച്ച് വരും വഴിയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതെന്നും സിഐ നവാസ്.
എറണാകുളം സെൻട്രൽ സിഐ ആയിരുന്ന വിഎസ് നവാസിനും എസിപി സുരേഷിനും മട്ടാഞ്ചേരി സ്റ്റേഷനിൽ ചുമതലയേറ്റുടുക്കുന്നതിനുള്ള ട്രാൻസ്‌ഫർ ഓർഡർ ഇറങ്ങിയിരുന്നു. രണ്ട് പേരും മട്ടാഞ്ചേരി സ്റ്റേഷനിലേക്ക് മാറാനിരിക്കെയാണ് അനിഷ്‌ട സംഭവങ്ങൾ ഉണ്ടായത്. ഈ സാഹചര്യത്തിൽ രണ്ട് പേരെയും ഒരേ സ്റ്റേഷനിലേക്ക് മാറ്റേണ്ടതില്ലെന്നാണ് തീരുമാനം. മേലുദ്യോഗസ്ഥർക്കെതിരെ മാധ്യമങ്ങളിലൂടെ പ്രതികരിക്കരുതെന്ന് കർശന നിർദേശവും സിഐ നവാസിന് ലഭിച്ചിട്ടുണ്ട്. അതേ സമയം ആരോപണ വിധേയനായ അസിസ്റ്റന്‍റ് കമ്മീഷണർ സുരേഷ് കുമാറിനെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.