കാണാതായ സിഐ നവാസിനെ എറണാകുളത്ത് എത്തിച്ചു
കളമശേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ എത്തിച്ച സിഐ നവാസിനെ ഡിസിപി പൂങ്കുഴലി വിശദമായി ചോദ്യം ചെയ്തു.
കൊച്ചി: എറണാകുളം സെൻട്രൽ സ്റ്റേഷനിലെ കാണാതായ സിഐ നവാസിനെ എറണാകുളത്ത് എത്തിച്ചു. വൈകുന്നേരം അഞ്ച് മണിയോടെ കളമശേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ എത്തിച്ച സിഐ നവാസിനെ ഡിസിപി പൂങ്കുഴലി ഏഴ് മണി വരെ വിശദമായി ചോദ്യം ചെയ്തു. തന്‍റെ ഒളിച്ചോട്ടത്തിന് കാരണം മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നാണ് സൂചന. 7.30 ഓടെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി, നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് വിട്ടയച്ചു. പാലാരിവട്ടം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് നവാസിനെ പാലക്കാട് നിന്നും എറണാകുളത്ത് എത്തിച്ചത്. സിഐ നവാസ് മാധ്യമങ്ങളോട് പ്രതികരിക്കാതിരിക്കാനുള്ള ശ്രമമാണ് മജിസ്ട്രേറ്റിന്‍റെ വസതിക്ക് മുമ്പില്‍ പൊലീസ് നടത്തിയത്. മധുരയിൽ നിന്നും ട്രെയിൻ യാത്രക്കിടെ ഇന്ന് പുലര്‍ച്ചെയാണ് നവാസിനെ കണ്ടെത്തിയത്. മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലമാണ് നവാസ് നാടുവിട്ടതെന്ന് ഇദ്ദേഹത്തിന്‍റെ ഭാര്യ ആരോപണം ഉന്നയിച്ചിരുന്നു.