'കേരളം വ്യവസായ സൗഹൃദമല്ലെന്ന വ്യാജപ്രചരണം വിദ്യാര്‍ഥികളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു'; പിണറായി വിജയന്‍ എറണാകുളം: കേരളം വ്യവസായ സൗഹൃദമല്ലെന്ന വ്യാജപ്രചാരണം യുവാക്കൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവാക്കൾ കേരളം ഉപേക്ഷിക്കുകയാണെന്നും കേരളത്തിൽ വ്യാവസായിക സൗഹൃദ അന്തരീക്ഷമില്ലെന്നുമുള്ള തെറ്റായ പ്രചാരണത്തെ തുടർന്ന് വിദ്യാർഥികൾക്കുള്ള ആശങ്കകൾ സർക്കാർ കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്കമാലിയിൽ പ്രൊഫഷണൽ സ്‌റ്റുഡന്‍സ് ഉച്ചകോടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പഠനത്തോടൊപ്പം ജോലിയും തൊഴിൽ നൈപുണ്യ വികസത്തിനുള്ള അവസരവുമാണ് വിദേശത്തേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നത്. അത്തരം സൗകര്യങ്ങൾ ഇവിടെയും ഒരുക്കും. യുവാക്കളെ തൊഴിൽ സംരംഭകരും തൊഴിൽ ദാതാക്കളുമായി മാറ്റുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രൊഫഷണൽ വിദ്യാർഥികൾക്ക് ഇന്‍റേണ്‍ഷിപ്പ്: ഭാവിസമൂഹത്തിന്‍റെ പുരോഗതിക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുന്നവർ എന്ന നിലയിലാണ് പ്രൊഫഷണൽ വിദ്യാർഥികളെ കാണുന്നത്. മെഡിക്കൽ, നിയമവിദ്യാർഥികളുടേതിന് സമാനമായി എല്ലാ പ്രൊഫഷണൽ വിദ്യാർഥികൾക്കും ഇന്‍റേൺഷിപ്പിന് അവസരമൊരുക്കും. മഹാപ്രളയകാലത്തും, കൊവിഡ് കാലത്തും സേവന പ്രവർത്തനങ്ങളിൽ മുന്‍പന്തിയിലുണ്ടായിരുന്നത് കേരളത്തിലെ യുവാക്കളായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രൊഫഷണൽ ബിരുദധാരികളായ യുവാക്കളിൽ വലിയ പ്രതീക്ഷയാണ് സമൂഹത്തിനുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥി പ്രവേശന അനുപാതം 43.2 ശതമാനമായി ഉയർത്താൻ കഴിഞ്ഞു. ഇത് 75 ശതമാനത്തില്‍ എത്തിക്കാനാണ് ശ്രമം.
വ്യാവസായിക സൗഹൃദത്തില്‍ കേരളം മുന്നില്‍: ശാസ്ത്രസാങ്കേതിക എൻജിനീയറിങ് മെഡിക്കൽ മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നൂതന വിദ്യാഭ്യാസ നയം ആവിഷ്‌കരിച്ചത്. കഴിഞ്ഞ വർഷം വ്യാവസായിക സൗഹൃദ അന്തരീക്ഷ റാങ്കിങില്‍ കേരളം 15-ാം സ്ഥാനത്തെത്തി. തെക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സ്‌റ്റാർട്ട് അപ്പ് ആന്‍റ് ഇന്നവേഷൻ ഹബ് കേരളത്തിലാണ്.
നാലാം വ്യവസായ വിപ്ലവത്തിൽ ഐടി, ബയോടെക്നോളജി, ഇലക്ട്രിക് വാഹന നിർമാണം, ഫിൻ ടെക് സാങ്കേതികവിദ്യ തുടങ്ങിയവ ഏറെ പ്രാധാന്യമർഹിക്കുന്നു. ലൈസൻസ് പാർക്ക്, ഐടി സ്പേസുകളുടെ വിപുലീകരണം, സ്‌റ്റാര്‍ട്ട് അപ്പ് സൗഹൃദ അന്തരീക്ഷം, ഗ്രാഫീൻ ഗവേഷണ കേന്ദ്രം തുടങ്ങിയ ഇടപെടലുകളും സർക്കാർ നടത്തിവരുന്നു. സാങ്കേതിക വിദ്യകളെയും അക്കാദമിക് അറിവുകളെയും നാടിന്‍റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുമ്പോഴാണ് യഥാർഥ വിദ്യാഭ്യാസം സാധ്യമാകുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രൊഫഷണൽ സമ്മിറ്റിൽ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെ സംശയങ്ങൾക്ക് പ്രൊഫഷണൽ സമ്മിറ്റിൽ വൈകുന്നേരം നടന്ന പ്രത്യേക സെഷനിൽ മുഖ്യമന്ത്രി മറുപടി നൽകി.