എറണാകുളം:സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്വർ ആഘോഷിക്കുന്നു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്‌ഠാനം പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. രണ്ടുവർഷത്തിന് ശേഷമാണ് കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലാത്ത ചെറിയ പെരുന്നാൾ ആഘോഷമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
വ്രതശുദ്ധിയുടെ നിറവില്‍ നാടെങ്ങും ചെറിയപെരുന്നാള്‍ ആഘോഷം മനസും ശരീരവും സൃഷ്‌ടാവിന്‍റെ പ്രീതിക്കായി സമർപ്പിച്ച മുപ്പത് ദിനങ്ങൾക്ക് ശേഷം ചെറിയ പെരുന്നാൾ സമാഗതമായതിന്റെ സന്തോഷത്തിലാണ് വിശ്വാസികൾ. ആഹ്ളാദത്തിന്‍റെ പ്രതിഫലനമായി മണ്ണിലും വിണ്ണിലും തക്‌ബീറിന്‍റെ മന്ത്ര ധ്വനികൾ ഉയരുകയാണ്.
വിശുദ്ധ റമദാൻ വിട പറഞ്ഞതിന്‍റെ സന്താപത്തിലും പ്രതീക്ഷയുടെ കിരണവുമായാണ് ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ സമാഗതമായത്. സുഗന്ധം പൊഴിക്കുന്ന മനസും ശരീരവുമായാണ് പെരുന്നാൾ നമസ്‌കാരത്തിനായി പള്ളികളിൽ വിശ്വാസികൾ ഒത്തുകൂടിയത്.
ഒരു മാസത്തെ വ്രതാനുഷ്‌ഠാനത്തിന്‍റെ വിജയകരമായ വിളംബരം കൂടിയാണ് ഈ പെരുന്നാൾ ആഘോഷം.
ശാരീരിക ഇച്ഛകളെ അതിജീവിച്ച്, വാക്കിലും നോക്കിലും പ്രലോഭനങ്ങളെ തോൽപ്പിച്ചവർക്ക് സന്തോഷിക്കാനുള്ള വക നൽകുകയാണ് ചെറിയ പെരുന്നാൾ. ഒരുമയുടെയും ഐക്യത്തിന്‍റെയും മഹത്തായ സന്ദേശം കൂടിയാണ് ഈദ് വിളംബരം ചെയ്യുന്നത്. അറ്റുപോയ വ്യക്തിബന്ധങ്ങൾ വിളക്കിച്ചേർക്കുകയും ഉള്ളവ ഊട്ടിയുറപ്പിക്കുകയുമാണ് ഈദ് ആഘോഷത്തിന്‍റെ കാതൽ.
ആവർത്തിക്കപ്പെടുന്നത് എന്ന് അർഥം വരുന്ന ഈദ് എന്ന പേരിലറിയപ്പെടുന്ന വിശ്വാസിയുടെ പ്രബലമായ ആഘോഷം പകർന്ന് നൽകുന്നത് സ്നേഹവും സഹിഷ്‌ണുതയുമാണ്. സമൂഹത്തിൽ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും പ്രചാരകർ ശക്തിപ്രാപിക്കുന്ന പുതിയ കാലത്ത്, സൗഹാർദ്ദത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശമാണ് ഈദ് പങ്കു വെക്കുന്നത്.
വ്രതനാളുകളിൽ നേടിയെടുത്ത വിശുദ്ധി കാത്ത് സൂക്ഷിക്കാൻ ഒരോ വിശ്വാസിയും ശ്രദ്ധിക്കണമെന്ന് എറണാകുളം തോട്ടത്തുംപടി മസ്‌ജിദ് ഖത്തീബ് ഹാഫിള് മുഹമ്മദ് ത്വാഹാ അശ്അരി പറഞ്ഞു.
റമദാനിൽ നേടിയ ആത്മീയ വിശുദ്ധിയായിരിക്കണം വരുന്ന പതിനൊന്ന് മാസക്കാലം വിശ്വാസികളെ മുന്നോട്ട് നയിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മപെടുത്തി. വിശ്വാസിയുടെ ആഘോഷങ്ങൾക്ക് മഹത്തായൊരു സംസ്‌കാരമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അനുഷ്‌ഠാനങ്ങളുടെ ഭാഗമായാണ് ഇവിടെ ആഘോഷങ്ങൾ ക്രമീകരിക്കപ്പെട്ടത്.
ഈദിന്‍റെ ഭാഗമായുള്ള നിർബന്ധദാനമായ ഫിത്തർ സക്കാത്ത് വിതരണം വിശ്വാസികൾ ഇതിനകം പൂർത്തിയാക്കിയിരുന്നു. ആഘോഷ വേളയിൽ എല്ലാവരും സുഭിക്ഷരായിരിക്കണം എന്ന ഉദ്ദേശമാണ് ഫിത്വർ സക്കാത്ത് വിതരണത്തിനുള്ളത്. പുതിയ വസ്ത്രങ്ങൾ ധരിച്ചും, പെരുന്നാൾ നിസ്ക്കാരത്തിൽ പങ്കെടുത്തും, പരസ്‌പരം ഈദ് ആശംസകൾ നേർന്നും, പ്രയാസമനുഭവിക്കുന്നവർക്ക് സഹായം നൽകിയും, സുഭിക്ഷമായ ഭക്ഷണമൊരുക്കിയുമാണ് വിശ്വാസികൾ ഈദ് ആഘോഷത്തെ സമ്പന്നമാക്കുന്നത്.
അതേസമയം സ്ത്രീകളും കുട്ടികളും മൈലാഞ്ചിയണിഞ്ഞും, മുതിർന്നവർ കുട്ടികൾക്ക് പെരുന്നാൾ കൈ നീട്ടം നൽകിയും പെരുന്നാളിന്റെ സന്തോഷത്തിൽ പങ്കു ചേരുന്നു.