എറണാകുളം: ചേന്ദമംഗലം ഗ്രാമത്തിലെ കൈത്തറി വ്യവസായത്തെ മുഴുവനായി ഇക്കഴിഞ്ഞ പ്രളയം തുടച്ചെടുത്തിരുന്നു. എറണാകുളം ജില്ലയിലെ ഒൻപത് കൈത്തറി സഹകരണ സംഘങ്ങളിലും ചേന്ദമംഗലം യാൺ ബാങ്ക്, ഖാദി മേഖല എന്നിവിടങ്ങളിലും കനത്ത നാശനഷ്ടങ്ങളാണ് ഇത് മൂലം ഉണ്ടായത്. കൈത്തറി മേഖലയിലെ 250ലേറെ തറികൾക്കും നാശനഷ്ടം സംഭവിച്ചിരുന്നു. നാലര മാസത്തോളമാണ് കൈത്തറി മേഖലയിൽ തൊഴിൽ സ്തംഭനം ഉണ്ടായത്. മുന്നൂറോളം നെയ്ത്തുകാർക്കും ഇരുപത്തിയഞ്ചോളം അനുബന്ധ തൊഴിലാളികൾക്കും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾക്കും വലിയ സാമ്പത്തിക പ്രതിസന്ധിയും ഇതോടെ നേരിടേണ്ടി വന്നു.
തിരിച്ചുവരവ് നെയ്തെടുത്ത് ചേന്ദമംഗലം - പ്രളയം
സംസ്ഥാന സർക്കാരിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സമയോചിതമായ ഇടപെടലുകളാണ് പുനരുദ്ധാരണ പ്രവർത്തനങ്ങളെ ഊർജ്ജസ്വലമാക്കിയത്.
എന്നാല്‍ മേഖലയുടെ പുനരുദ്ധാരണം ഘട്ടംഘട്ടമായി പൂർത്തിയായിരിക്കുകയാണ് ഇപ്പോൾ. കൈവിട്ട് പോകും എന്ന് കരുതിയ കൈത്തറി മേഖലയിൽ സംസ്ഥാന സർക്കാരിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സമയോചിതമായ ഇടപെടലുകളാണ് പുനരുദ്ധാരണ പ്രവർത്തനങ്ങളെ ഊർജ്ജസ്വലമാക്കിയത്. ജില്ലാ കലക്ടർ ആയിരുന്ന മുഹമ്മദ് വൈ സഫിറുള്ള ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുമായി നിരന്തരം ബന്ധപ്പെട്ട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വിവിധ എൻജിഒകളും ധനസഹായവുമായെത്തി.
പ്രളയത്തിൽ തകർന്ന ഈ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ചേന്ദമംഗലത്ത് ഒരു കോമൺ ഫെസിലിറ്റി സെന്‍റർ (സി.എഫ്.സി) സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. 2.35 കോടി രൂപ ചെലവിലാണ് കോമൺ ഫെസിലിറ്റി സെന്‍റർ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷം ഈ പദ്ധതിയിലേക്ക് സർക്കാർ 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.