എറണാകുളം:ഇടമലയാർ ജലസംഭരണിയോട് ചേർന്ന് ഉൾവനത്തില്‍ ഒരു ചെറിയ കുടിലുണ്ട്. അതിനുള്ളില്‍ നാല് ജീവനുകളും. രാത്രിയില്‍ ഏത് നിമിഷവും ആനയും പുലിയുമിറങ്ങും.. മഴവെള്ളം കുത്തിയൊലിച്ച് എത്തിയാല്‍ കുടില്‍ പുഴയോട് ചേരും. പക്ഷേ ചെല്ലപ്പനും ഭാര്യ യശോദയ്ക്കും പേടിയില്ല. കാരണം കഴിഞ്ഞ 18 വർഷമായി ഇവർക്ക് കാടാണ് ജീവനും ജീവിതവും. സഹോദരന്മാരുടെ മക്കളായിരുന്ന ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചതോടെ ഊരുകൂട്ടം വിലക്ക് ഏർപ്പെടുത്തി കോളനിയിൽ നിന്നും പുറത്താക്കിയതാണ്. അതോടെ കാട് കയറി, ഉൾക്കാട്ടില്‍ ഇടമലയാർ ജലാശയത്തിന്‍റെ തീരത്ത് പാറപ്പുറത്ത് കുടിൽ കെട്ടി ജീവിതം തുടങ്ങി. രണ്ട് മക്കളുണ്ട്.. സ്വന്തമായി ഭൂമിയില്ല, റേഷൻ കാർഡും ആധാർ കാർഡുമില്ല..
വീടും റേഷനും വെറും സ്വപ്‌നം മാത്രം: ചെല്ലപ്പനും മക്കൾക്കും കാടാണ് ജീവിതം
സഹോദരന്മാരുടെ മക്കളായിരുന്ന ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചതോടെ ഊരുകൂട്ടം വിലക്ക് ഏർപ്പെടുത്തി കോളനിയിൽ നിന്നും പുറത്താക്കിയതാണ്. അതോടെ കാട് കയറി, ഉൾക്കാട്ടില്‍ ഇടമലയാർ ജലാശയത്തിന്‍റെ തീരത്ത് പാറപ്പുറത്ത് കുടിൽ കെട്ടി ജീവിതം തുടങ്ങി. രണ്ട് മക്കളുണ്ട്.. സ്വന്തമായി ഭൂമിയില്ല, റേഷൻ കാർഡും ആധാർ കാർഡുമില്ല..
മുതുവ സമുദായത്തിൽ ഉൾപ്പെട്ട ചെല്ലപ്പനും യശോധക്കും പറയാനുള്ളത് ജീവിതം നല്‍കിയ ദുരിത കഥകൾ മാത്രം. ഇടമലയാർ ജലസംഭരണിയിൽ നിന്ന് മീൻ പിടിച്ച് ചങ്ങാടത്തിലും കാട്ടിലൂടെ നടന്നും 28 കിലോമീറ്റർ അകലെ വടാട്ടുപാറയിൽ കൊണ്ടു പോയി വിറ്റാണ് അന്നന്നത്തെ അന്നത്തിനുള്ള പണം കണ്ടെത്തുന്നത്. കാട്ടില്‍ മഴ പെയ്‌താല്‍ മീൻ പിടിക്കാനാകില്ല. അന്ന് പട്ടിണിയാകും. വെറ്റിലപ്പാറ, വാഴച്ചാൽ എന്നിവിടങ്ങളിലെ ട്രൈബൽ സ്‌കൂളുകളിലാണ് കുട്ടികൾ പഠിക്കുന്നത്. ആദിവാസികൾക്കായി സർക്കാർ കോടികൾ ചെലവഴിക്കുമ്പോൾ ഒരു നേരത്തെ ആഹാരത്തിനായി കാടിനെ ആശ്രയിക്കുകയാണ് ചെല്ലപ്പനും കുടുംബവും. സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്‌കരിക്കാൻ ജനപ്രതിനിധികൾ സഹായിക്കുമെന്നാണ് ചെല്ലപ്പൻ പ്രതീക്ഷിക്കുന്നത്.