കേരളം

kerala

By

Published : Jul 17, 2019, 12:43 PM IST

ETV Bharat / state

ചെല്ലാനത്ത് കടൽക്ഷേഭം രൂക്ഷം: ജിയോ ബാഗുകൾ പര്യാപ്തമല്ലെന്ന് ന്യൂനപക്ഷ കമ്മിഷൻ

കടൽക്ഷോഭം തടയുന്നതിന് ദ്രോണാചാര്യ മോഡൽ കരിങ്കൽ ഭിത്തിയും പുലിമുട്ടും നിർമ്മിക്കണമെന്നും ഇതു സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും ന്യൂനപക്ഷ കമ്മീഷൻ

ജിയോ ബാഗുകൾ പര്യാപ്തമല്ലെന്ന് ന്യൂനപക്ഷ കമ്മിഷൻ

കൊച്ചി: ചെല്ലാനം തീരദേശ മേഖലയിലെ കടൽക്ഷോഭം തടയുന്നതിന് ജിയോ ബാഗുകൾ പര്യാപ്തമല്ലെന്ന് ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ പി കെ ഹനീഫ. കടൽക്ഷോഭം തടയുന്നതിന് ദ്രോണാചാര്യ മോഡൽ കരിങ്കൽ ഭിത്തിയും പുലിമുട്ടും നിർമിക്കണമെന്നും ഇതു സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും പി കെ ഹനീഫ പറഞ്ഞു. തീവ്ര കടൽക്ഷോഭം നേരിടുന്ന ചെല്ലാനം ബസാർ, കമ്പനിപ്പടി, വേളാങ്കണ്ണി, ഒറ്റമശ്ശേരി എന്നിവടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രദേശവാസികളുടെ സുരക്ഷക്ക് കരിങ്കൽ ഭിത്തിയും പുലിമുട്ടും അനിവാര്യമാണ്. ഭൂരിപക്ഷവും മതന്യൂനപക്ഷ സമുദായാംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ഇവർക്ക് മറ്റ് സ്ഥലങ്ങളിലേക്ക് മാറുന്നത് തൊഴിലിനെ ബാധിക്കും. സന്ദർശനത്തിന്‍റെ അടിസ്ഥാനത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജിയോ ബാഗിന് കടൽക്ഷോഭത്തിന്‍റെ തീവ്രത കുറക്കാൻ സാധിക്കുന്നില്ല. ചെല്ലാനം ബസാർ, കമ്പനിപ്പടി, വേളാങ്കണ്ണി ഭാഗത്ത് 1100 മീറ്റർ ദൂരത്തിൽ അടിയന്തിരമായി റീട്ടെയിന്‍റ്
കരിങ്കൽ ഭിത്തിയും പുലിമുട്ടും നിർമിക്കണം. കടൽക്ഷോഭമുള്ളപ്പോൾ വീടുകളിൽ താമസിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഇവർക്ക് വീടുകളിൽ നിന്ന് കുട്ടികളുമായി ഒഴിഞ്ഞ് പോകേണ്ട അവസ്ഥയാണ്. കൂടാതെ കക്കൂസ് മാലിന്യങ്ങൾ മൂലം കുടിവെള്ളവും മലിനമാണ്. വീടുകളിൽ വെള്ളം കയറുമ്പോൾ ജന്തുജീവികളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.

വെള്ളം കയറിയാൽ ചെളി നീക്കം ചെയ്യുന്നതിന് സർക്കാർ തലത്തിൽ യാതൊരു നടപടികളും എടുക്കുന്നില്ലെന്ന് പ്രദേശവാസികൾ കമ്മിഷനോട് പറഞ്ഞു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് കപ്പൽ ചാനലിനായി ആഴം കൂട്ടിയതും വൈപ്പിൻ എൽഎൻജി ടെർമിനലും ചെല്ലാനം മിനി ഫിഷിങ് ഹാർബറും വന്നതോടെ കടൽക്ഷോഭത്തിന്‍റെ തീവ്രത വർധിക്കാൻ കാരണമായതായി പ്രദേശവാസികൾ. ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ പി കെ ഹനീഫ, കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ബിന്ദു എം തോമസ്, അഡ്വ മുഹമ്മദ് ഫൈസൽ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.

ABOUT THE AUTHOR

...view details