എറണാകുളം:കൊവിഡ് വ്യാപനത്തിന്‍റെ പ്രതിസന്ധിയിലും ചെല്ലാനത്തെ തീരദേശവാസികള്‍ക്ക് ദുരിതം വിതച്ച് കടല്‍ക്ഷോഭം. കൊവിഡ് ക്ലസ്റ്ററായി രൂപപ്പെട്ട ചെല്ലാനം പശ്ചായത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 230 പേര്‍ക്കാണ്. എന്നാല്‍ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനകളും മുടങ്ങി. ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ വീടുകളിലും വെള്ളം കയറിയതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയ പഞ്ചായത്തില്‍ രണ്ട് വാര്‍ഡ് മെമ്പര്‍മാരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ചെല്ലാനത്തെ നൂറിലധികം വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. കടല്‍ഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും ഭിത്തിക്ക് മുകളിലൂടെ ഭീമന്‍ തിരമാലകള്‍ പലവീടുകൾക്കുള്ളിലേക്ക് പ്രവേശിക്കും.
കടല്‍ ക്ഷോഭം രൂക്ഷം; ആശങ്കയോടെ ചെല്ലാനം - covid
രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനകളും മുടങ്ങി.

പ്രദേശത്ത് പുലിമുട്ടുകള്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നേരത്തെ റോഡുപരോധിച്ച് പ്രതിഷേധിച്ചിരുന്നു. കമ്പനിപ്പടി, ബസാർ മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. ഇവിടെ നിരവധി വീടുകള്‍ ഭാഗികമായി തകർന്നിരുന്നു. അതേ സമയം കടലാക്രമണം രൂക്ഷമായ മേഖലകളിൽ ജില്ലാ ഭരണകൂടത്തിൻ്റെയും മൈനർ ഇറിഗേഷൻ വകുപ്പിൻ്റെയും നേതൃത്വത്തിൽ ജിയോ ബാഗുകൾ വിതരണം തുടങ്ങി. ആയിരം ജിയോ ബാഗുകളാണ് നൽകുന്നത്. രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ബാഗുകളിൽ മണൽ നിറയ്ക്കുന്നതിനും കടൽ ഭിത്തി തകർന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതും പ്രദേശവാസികളുടെ സഹകരണത്തോടെയാണ്. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം കടൽക്ഷോഭം പ്രതിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.