എറണാകുളം:കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ ഭീമമായ തുക ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസിന്‍റെ പേരിലും തട്ടിപ്പെന്ന് ആക്ഷേപം. മൂവാറ്റുപുഴ മാറാടി സ്വദേശി ബിജുമോൻ കുര്യാക്കോസാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. പനിയും തലവേദനയും അനുവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ബിജുമോൻ പത്ത് ദിവസം കഴിഞ്ഞിട്ട് അസുഖം മാറാത്ത അവസ്ഥയിലാണ് സെപ്റ്റംബർ 22ന് മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്‍ററിൽ ചികിത്സക്കെത്തിയത്. ഡോക്‌ടറുടെ നിർദേശ പ്രകാരം അഡ്‌മിറ്റാകുകയും തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ പോസിറ്റീവ് ആകുകയുമായിരുന്നു.
കൊവിഡ് ചികിത്സക്ക് മാത്രമായാണ് ബിജുമോൻ സ്റ്റാർ ഹെൽത്ത് കമ്പനിയുടെ ക്യാഷ്‌ലെസ്സ് ഇൻഷൂറൻസ് എടുത്തത്. ആറ് ദിവസത്തെ ചികിത്സക്ക് ശേഷം ഡിസ്‌ചാർജ് ആകുമ്പോൾ ബിൽ 48064 രൂപയായി. എന്നാൽ ആശുപത്രി അധികൃതർ കാർഡ് വാങ്ങാതിരിക്കുകയും ഡിസ്ചാർജ് സമ്മറി ഇൻഷൂറൻസ് കമ്പനിക്ക് അയച്ച് കൊടുത്താൽ മതിയെന്നും പറഞ്ഞു. ആകെ ബില്ലിൽ നിന്ന് ആറ് ദിവസത്തെ പിപിഇ കിറ്റിനായി 27520 രൂപ ആശുപത്രി ഈടാക്കിയിട്ടുണ്ട്. എന്നാൽ ചികിത്സക്ക് ശേഷം ബിജുമോൻ ഇൻഷൂറൻസ് കമ്പനിയെ സമീപിച്ചെങ്കിലും കമ്പനി കൈമലർത്തി. ഹോം ക്വാറന്‍റൈനിൽ കഴിയാനുള്ള അസുഖം മാത്രമേ ബിജുമോന് ഉള്ളൂ എന്നാണ് കമ്പനിവാദം.