എറണാകുളം : ഇലന്തൂർ നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. കാലടി പൊലീസ് രജിസ്റ്റർ ചെയ്‌ത റോസ്‌ലി വധക്കേസിൽ പെരുമ്പാവൂർ ജെഎഫ്‌സിഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. പെരുമ്പാവൂർ സ്വദേശിയായ എറണാകുളം ഗാന്ധി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ഷാഫിയാണ് കേസിലെ ഒന്നാം പ്രതി. ഭഗവൽ സിങ് രണ്ടാം പ്രതിയും, ഭാര്യ ലൈല മൂന്നാം പ്രതിയുമാണ്.
പത്മ വധക്കേസിലെ ചോദ്യം ചെയ്യലിലാണ് പ്രതികൾ റോസ്‌ലിയെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്. തുടർന്നാണ് കാലടി പൊലീസ് രജിസ്റ്റർ ചെയ്‌ത, റോസ്‌ലിയെ കാണാതായെന്ന കേസില്‍ മൂവരെയും പ്രതി ചേർത്ത് അന്വേഷണം തുടങ്ങിയത്. പത്തനംതിട്ട ഇലന്തൂരിൽ വച്ച്, കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസ്‌ലിയെ അതിക്രൂരമായി പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവർ ചേർന്ന് നരബലി നടത്തിയെന്നാണ് കേസ്.
കഴിഞ്ഞ ജൂൺ 8നാണ് മുഹമ്മദ് ഷാഫി റോസ്‌ലിയെ തട്ടിക്കൊണ്ടുപോയി തിരുമ്മല്‍ വിദഗ്‌ധനായ ഭഗവൽ സിങ്ങിന്‍റെ വീട്ടിലെത്തിച്ചത്. അശ്ലീല സിനിമയിൽ അഭിനയിച്ചാൽ ലക്ഷങ്ങൾ പ്രതിഫലം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഷാഫി റോസ്‌ലിയെ കടത്തിക്കൊണ്ടുപോയത്. ഷാഫിയും ഭഗവൽ സിങ്ങും ഇയാളുടെ ഭാര്യ ലൈലയും ചേർന്ന് റോസ്‌ലിയെ നരബലി നടത്തുകയായിരുന്നു.