എറണാകുളം: ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. എഫ്ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. വിജിലന്‍സ് കൊച്ചി യൂണിറ്റാണ് കേസെടുത്തത്. ഭാരതപ്പുഴയുടെ കുറുകെ മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്‍റെ അഞ്ച് അപ്രോച്ച് റോഡുകള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയെന്നാണ് കേസ്.
ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് അഴിമതി; ടി.ഒ സൂരജ് ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെ കേസ് - Chamravattam
ഭാരതപ്പുഴയുടെ കുറുകെ മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്‍റെ അഞ്ച് അപ്രോച്ച് റോഡുകള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയെന്നാണ് കേസ്
അപ്രോച്ച് റോഡ് നിര്‍മ്മാണത്തിലൂടെ സര്‍ക്കാരിന് രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് വിജിലന്‍സ് എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നത്. അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജ് ഉള്‍പ്പടെ ഒൻപത് പേര്‍ ഇതില്‍ കുറ്റക്കാരാണെന്നും വിജിലന്‍സ് എഫ്ഐആറില്‍ പറയുന്നു. പ്രതിപ്പട്ടികയിലെ അഞ്ച് പേർ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ഉദ്യോഗസ്ഥരാണ്. മറ്റ് മൂന്ന് പേർ കരാർ കമ്പനിയായ സനാതന്‍ ഇന്‍ഫ്രാ സ്ട്രക്‌ച്ചേഴ്‌സ് ആന്‍റ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളുമാണ്. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് അഴിമതി ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
35 കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു ഹര്‍ജിയിലെ അരോപണം. കേരള സ്റ്റേറ്റ് കണ്‍സട്രക്ഷന്‍ കോര്‍പ്പറേഷന് ടെന്‍ഡറില്ലാതെ പിഡബ്ല്യുഡി കരാര്‍ നല്‍കുകയും തുടര്‍ന്ന് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സ്വകാര്യ കമ്പനിക്ക് സബ്ബ് ടെന്‍ഡര്‍ നല്‍കുകയും ചെയ്തതിലൂടെ കോടികളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. കോടതി നിര്‍ദേശപ്രകാരം നടത്തിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് കോടതി നേരത്തെ ഉത്തരവിട്ടത്.