എറണാകുളം :ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി പ്രതിയായ വ്യാജ ലഹരി മരുന്ന് കേസിൽ (Chalakudy Fake Narcotics Case) മുൻകൂർ ജാമ്യ ഹർജിയുമായി (Anticipatory Bail Petition) കുറ്റാരോപിതയായ യുവതി ഹൈക്കോടതിയെ സമീപിച്ചു. ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തിയാണ് ഹർജി നൽകിയത്. ലഹരിമരുന്ന് കേസിൽ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിക്കാരിയുടെ ആവശ്യം.
കേസിൽ പ്രതിയാക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നുവെന്നും എക്സൈസ് ക്രൈം ബ്രാഞ്ച് അന്വേഷണം നിഷ്‌പക്ഷമല്ലെന്നും ഹർജിയിൽ പറയുന്നു. ഷീല സണ്ണിയ്‌ക്ക് (Fake Case Against Sheela Sunny) തന്‍റെ കുടുംബത്തോട് വ്യക്തിവിരോധം ഉണ്ട്. കടബാധ്യത തീർക്കാൻ 10 ലക്ഷം ആവശ്യപ്പെട്ടിരുന്നു.
കൂടാതെ സഹോദരിയുടെ പേരിൽ ഭൂമി നൽകാനും നിർബന്ധിച്ചു. ഇതിന് തടസം നിന്നതിന്‍റെ പേരിലുള്ള വിരോധമാണ് വ്യാജ ആരോപണം ഉന്നയിക്കാൻ കാരണമെന്നും ഹർജിയിൽ പറയുന്നുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ (beauty parlor owner Sheela Sunny) ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്‌ത് ജയിലലടച്ചത്.
ലഹരിമരുന്ന് കൈവശം വച്ചതിന് അറസ്‌റ്റ് :എല്‍ എസ് ഡി സ്റ്റാംപ് (LSD Stamp) കൈവശം വച്ചെന്ന പേരിലായിരുന്നു ഷീലയെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തത്. ബ്യൂട്ടി പാർലറിൽ മയക്കുമരുന്ന് വിൽപനയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന. ഇവരില്‍ നിന്ന് 12 എല്‍ എസ് ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തെന്ന് എക്‌സൈസ് ഓഫിസ് വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.