അജഗജാന്തരം, സ്വാതന്ത്ര്യം അർധരാത്രിയിൽ, എന്നീ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഹൃദയത്തില്‍ തന്‍റേതായ ഇടംപിടിച്ച ടിനു പാപ്പച്ചന്‍ (Tinu Pappachan) അണിയിച്ചൊരുക്കുന്ന ചാവേറിന്‍റെ ട്രെയിലര്‍ (Chaver Trailer) പുറത്ത്. കുഞ്ചാക്കോ ബോബനെ (Kunchacko Boban) കേന്ദ്ര കഥാപാത്രമാക്കി ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ ചാവേറിന്‍റെ ട്രെയിലര്‍ മോഹന്‍ലാല്‍ (Mohanlal), ടൊവിനോ (Tovino), പൃഥ്വിരാജ് (Prithviraj) എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. ടിനു പാപ്പച്ചന്‍റെ മുന്‍ചിത്രങ്ങളെ പോലെ തന്നെ ഒരു കംപ്ലീറ്റ് തിയേറ്റര്‍ സ്‌റ്റഫായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ടിനുവിന്‍റെ ചിത്രങ്ങളില്‍ മൂന്നാമത്തെ ചിത്രമാണ് ചാവേറെന്നും തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള ഒരുപാടുപേരുടെ സിനിമ കൂടിയാണിതെന്നും ട്രെയിലര്‍ പ്രകാശനം ചെയ്‌തുകൊണ്ട് പ്രശസ്‌ത സംവിധായകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ലിജോ ജോസ് പെല്ലിശ്ശേരിയും പ്രതികരിച്ചു. ടിനുവിന്‍റെ സിനിമകളില്‍ തനിക്ക് വ്യക്തിപരമായി ഏറെ ഇഷ്‌ടപ്പെട്ട സിനിമയാണ് ചാവേറെന്നും ചിത്രം വലിയ വിജയമാകട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അശോകൻ എന്ന ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനെ കൂടാതെ ആന്‍റണി വര്‍ഗീസ്, അർജുൻ അശോകൻ, ജോയ് മാത്യു എന്നിവരും 'ചാവേറി'ല്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സ്ലോ പേസ് ത്രില്ലര്‍ വിഭാഗത്തിലൂള്‍പ്പെടുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് നിര്‍മിക്കുന്നത്. സൗഹൃദം, രാഷ്‌ട്രീയം, പക എന്നീ മനുഷ്യ വികാരങ്ങള്‍ക്കിടെയിലൂടെ കടന്നുവരുന്ന ചിത്രമാണ് 'ചാവേര്‍'.