കൊച്ചി: എറണാകുളം ജില്ലയിലെ ഐരാപുരം സി.ഇ.ടി കോളജിൽ അധ്യാപികമാരടക്കമുള്ള മുൻ ജീവനക്കാർ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് വനിതാ കമ്മീഷൻ. കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മെഗാ അദാലത്തിൽ കോളജിലെ അറുപതോളം മുൻ ജീവനക്കാർ നൽകിയ പരാതി പരിഗണിച്ച ശേഷമാണ് കമ്മീഷന്‍റെ നിർദ്ദേശം.
സി.ഇ.ടി കോളജ് സമരം; സര്‍ക്കാര്‍ ഇടപെടണമെന്ന് വനിതാ കമ്മീഷന്‍ - വനിതാ കമ്മീഷന്‍
പ്രശ്‌നത്തില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തര ഇടപെടൽ നടത്തണമെന്ന് കമ്മീഷന്‍ . അറുപതോളം മുൻ ജീവനക്കാർ നൽകിയ പരാതി പരിഗണിച്ച ശേഷമാണ് കമ്മീഷന്‍റെ നിർദ്ദേശം
സ്വാശ്രയ മാനേജ്മെന്‍റുകളുടെ ഇത്തരം ചൂഷണം അംഗീകരിക്കാൻ കഴിയില്ല. ജോലിക്കായി കോടിക്കണക്കിന് രൂപയാണ് മാനേജ്മെന്‍റ് നിയമ വിരുദ്ധമായി കൈപ്പറ്റിയത്. ഈ പരാതിക്കാർക്ക് ശമ്പളവും കോഷൻ ഡെപ്പോസിറ്റും തിരിച്ചു നൽകാതെ കബളിപ്പിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കോളജ് കവാടത്തിൽ സമരമാരംഭിച്ചത്. പ്രശ്നത്തിൽ വിദ്യാഭ്യാസ വകുപ്പ് അടിയന്തര ഇടപെടൽ നടത്തണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
ആകെ 105 പരാതികളാണ് അദാലത്തിലെത്തിയത്. ഇതിൽ 18 എണ്ണം തീർപ്പാക്കി. ഒൻപത് എണ്ണം റിപ്പോർട്ടിനായി മാറ്റി. 78 എണ്ണം അടുത്ത അദാലത്തിൽ പരിഗണിക്കും. കമ്മീഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ, കമ്മീഷന്‍ അംഗം അഡ്വ.ഷിജി ശിവജി, ഡയറക്ടർ വി.യു.കുര്യാക്കോസ്, അഭിഭാഷകരായ സ്മിത ഗോപി, അലിയാർ, യമുന, ഖദീജ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രീതി, ഷിജി തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.