എറണാകുളം: ജസ്‌ന മരിയയുടെ തിരോധാന കേസിൽ അന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് കൈമാറി. ജസ്‌നയെ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് സഹോദരൻ ജെയ്സ് ജോണും, കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ. എം. അഭിജിത്തും നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. നേരത്തെ ഈ ഹർജിയിൽ കോടതി സിബിഐയുടെ വിശദീകരണം തേടിയിരുന്നു.
ജസ്‌ന തിരോധാന കേസ് അന്വേഷണം സിബിഐയ്ക്ക്
അന്വേഷണത്തിനാവശ്യമായ സൗകര്യങ്ങൾ ചെയ്ത് നൽകണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.
അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. അന്വേഷണത്തിനാവശ്യമായ സൗകര്യങ്ങൾ ചെയ്ത് നൽകണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസ് ഡയറിയും മറ്റു കേസ് രേഖകളും സിബിഐയ്ക്ക് കൈമാറാനും നിർദേശമുണ്ട്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക.
2018 മാർച്ച് 22നാണ് വെച്ചൂചിറ കുന്നത്ത് വീട്ടിൽ ജസ്‌നയെ കാണാതായത്. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ച് ആറുമാസം കൂടി സമയം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി പരിഗണിച്ചത്.