എറണാകുളം:വ്യവസായിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ സി.ബി.ഐ റെയ്ഡ് നടത്തി. നിരവധി രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തതായാണ് വിവരം. സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളുമായി ലീനയ്ക്ക് ബന്ധമുണ്ടെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു.
നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ സി.ബി.ഐ റെയ്ഡ് - beauty-parlor
ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ ഹൈദരാബാദ് വ്യവസായി സാംബശിവറാവുവിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ സി.ബി.ഐ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായായിരുന്നു കൊച്ചിയിലെ റെയ്ഡ്
ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ ഹൈദരാബാദ് വ്യവസായി സാംബശിവറാവുവിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ സി.ബി.ഐ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായായിരുന്നു കൊച്ചിയിലെ റെയ്ഡ്. സി ബി ഐ ഓഫീസർമാരെന്ന വ്യാജേന സാംബശിവറാവുവിനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ മണിവർണ്ണ റെഡ്ഡി, സെൽവം രാമ രാജൻ എന്നിവരെ സി.ബി.ഐ പ്രതിചേർത്തിരുന്നു. ബാങ്ക് തട്ടിപ്പ് കേസിൽ നിന്നൊഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് സി.ബി.ഐ ഓഫീസർമാരെന്ന വ്യാജേന ഇരുവരും ചേർന്ന് സാംബശിവറാവുവിൽ നിന്ന് പണം തട്ടിയിരുന്നു. ഈ പ്രതികളുമായി ലീന മരിയ പോളിനും ഭർത്താവ് സുകേഷ് ചന്ദ്രശേഖറിനും ബന്ധമുണ്ടെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യവസായിയെ പറ്റിച്ച കേസുമായി ഇവർക്ക് ബന്ധമുണ്ടൊ എന്ന് സി.ബി.ഐ അന്വേഷിക്കുന്നത്.
ഇതിന്റെ ഭാഗമായി ലീനയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ബ്യൂട്ടി പാർലറിലും ചെന്നൈയിലെ വീട്ടിലും സിബിഐ റെയ്ഡ് നടത്തുകയായിരുന്നു. എന്നാൽ ഈ കേസിൽ ലീനയെ സിബിഐ ഇതുവരെ പ്രതിചേർത്തിട്ടില്ല. ആറ് വർഷം മുമ്പ് ബാങ്ക് തട്ടിപ്പ് കേസിൽ ലീന മരിയ പോളിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. കൂടാതെ വസ്ത്ര വ്യാപാരിയെ പറ്റിച്ച കേസിലും ലീനക്കെതിരെ നേരത്തെ നടപടിയുണ്ടായിരുന്നു. ഒരു വർഷം മുൻപാണ് ലീനാ മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിനു നേരെ വെടിവെപ്പുണ്ടായത്.രവി പൂജാരി മുഖ്യ പ്രതിയായ ഈ കേസിലും അന്വേഷണം നടക്കുന്നുണ്ട്.