എറണാകുളം :സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സിബിഐ സംഘം ആദ്യദിനം ചോദ്യം ചെയ്യുന്നത് പൂർത്തിയായി. കൊച്ചിയിലെ സി ബി ഐ ഓഫിസിൽവച്ചായിരുന്നു മൊഴിയെടുക്കല്‍. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിലാണ് സി ബി ഐ സ്വപ്‌നയെ ചോദ്യം ചെയ്തത്.
ഈ മാസം 21ന് വീണ്ടും ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ലൈഫ് മിഷൻ ഇടപാടിലെ കമ്മിഷൻ വിവരങ്ങളാണ് സി ബി ഐ ചോദിച്ചതെന്ന് സ്വപ്‌ന വ്യക്തമാക്കി. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി സന്തോഷ് ഈപ്പന് നൽകണമെന്ന് തീരുമാനിച്ചത് ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയ്ക്ക് ഒടുവിലാണ്. സെക്രട്ടേറിയറ്റിൽ എം ഒ യു ഒപ്പിട്ടെങ്കിലും തീരുമാനം എടുത്തത് ക്ലിഫ് ഹൗസിൽവച്ചാണെന്നും സ്വപ്ന ആരോപിച്ചു.
മുഖ്യമന്ത്രി, കോൺസൽ ജനറൽ,എം ശിവശങ്കർ എന്നിവർ ഉണ്ടായിരുന്നു. ഇതിനുശേഷമാണ് നിർമാണ ചുമതല യൂണിടാക്കിന് നൽകിയത്. സെക്രട്ടേറിയറ്റിൽ എടുത്ത തീരുമാനങ്ങൾ ക്ലിഫ് ഹൗസിൽ വച്ച് മാറ്റുകയായിരുന്നു. തന്‍റെ സാന്നിധ്യത്തിലാണ് ചർച്ചകൾ നടന്നത്. തൻ്റെ ലോക്കറിൽ ഉണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിൻ്റെ കമ്മിഷൻ പണമാണെന്നും സ്വപ്‌ന പറഞ്ഞു.
സ്വപ്ന സുരേഷിനെ സി ബി ഐ ആദ്യമായാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് സ്വപ്‌ന സുരേഷ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ സി ബി ഐ കഴിഞ്ഞ മാസം ചോദ്യംചെയ്തിരുന്നു.