എറണാകുളം : പയ്യോളി മനോജ് വധക്കേസിൽ 27 സി.പി.എം പ്രവർത്തകർക്കെതിരെ എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം നൽകിയത്. കേസ് അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സിബിഐ കോടതിയിൽ ശുപാർശ ചെയ്‌തു. വധക്കേസിലെ മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
പയ്യോളി മനോജ് വധക്കേസ്; 27 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം - സി.ബി.ഐ
കേസന്വേഷണത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സിബിഐ കോടതിയിൽ ശുപാർശ ചെയ്‌തു.

രണ്ട് പ്രതികളെ കേസിൽ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. പൊലീസ് മുഖ്യ പ്രതികളാക്കിയ അജിത്, ജിതേഷ് എന്നിവരാണ് മാപ്പു സാക്ഷികളായത്. ഡി.വൈ.എസ്.പി ജോസി ചെറിയാൻ, സി.ഐ വിനോദൻ എന്നിവർക്കെതിരെ വകുപ്പ്തല നടപടി വേണമെന്ന് സി.ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടു. സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്‌ണനാണ് സി.ജെ.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
2012 ഫെബ്രവരി 12-നാണ് ബി.എം.എസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊന്നത്. തുടർന്ന് ലോക്കല്‍ പൊലീസ് പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാവ് അജിത്തിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. പിന്നീട് ബന്ധുക്കളുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ചെങ്കിലും പ്രധാന പ്രതികളിലേക്ക് എത്തുമെന്നായതോടെ രാഷ്‌ട്രീയ ഇടപെടലുകളുണ്ടായി. പ്രധാന പ്രതി അജിത്ത് കസ്റ്റഡിയിലിരിക്കെ താന്‍ ഡമ്മി പ്രതിയാണെന്നും യഥാര്‍ത്ഥ പ്രതികളെ പാര്‍ട്ടി മാറ്റിയെന്നും വിളിച്ച് പറഞ്ഞതോടെയാണ് കേസ് വിവാദമായത്.