എറണാകുളം: ടെലിവിഷന്‍ ഷോയില്‍ നിന്നും പുറത്തായ മത്സരാര്‍ഥിയെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവള പരിസരത്ത് ഒത്തുകൂടിയ ആരാധകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുയിടങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നതില്‍ വിലക്ക് നിലനില്‍ക്കുമ്പോഴാണ് ഫാന്‍സ് അസോസിയേഷന്‍റെ സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. പേരറിയാവുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയുമാണ് നിയമലംഘനത്തിന് നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.
താരത്തെ സ്വീകരിക്കാന്‍ ജനക്കൂട്ടം; പൊലീസ് കേസെടുത്തു - കൊവിഡ് 19
പേരറിയാവുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയുമാണ് നിയമലംഘനത്തിന് നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.
കൊവിഡ് 19 പശ്ചാത്തലത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശകരെ വിലക്കിയതിനാല്‍ പിരിഞ്ഞ് പോകണമെന്ന് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിക്കാതെയാണ് ജനക്കൂട്ടം വിമാനത്താവളത്തില്‍ കൂട്ടംകൂടിയത്. ഇവര്‍ക്കെതിരെ നിയമ വിരുദ്ധമായി സംഘം ചേരല്‍, ശബ്ദമലിനീകരണം സൃഷ്ടിച്ചുള്ള ആഹ്ലാദ പ്രകടനം, പൊതുജനങ്ങൾക്ക് ബുദ്ധി മുട്ട് ഉണ്ടാകുന്ന രീതിയിൽ പ്രവർത്തിക്കുക, പൊതുവഴി തടയുക തുടങ്ങിയ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് ഫാൻസിനെതിരെ പൊലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചു.