എറണാകുളം:കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്ന് കേസുകളാണ് പ്രതിക്കെതിരെ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്‌തത്. പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കൊച്ചി ഡി.സി.പി വി.യു കുര്യാക്കോസ് അറിയിച്ചു.
പ്രതി ഒളിവിലാണന്നും വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടില്ലന്നും ഡി.സി.പി വ്യക്തമാക്കി. അതേസമയം പ്രതി വിദേശത്തേക്ക് കടന്നിട്ടുണ്ടോയെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും ഡി.സി.പി പറഞ്ഞു. മൂന്ന് യുവതികളാണ് കല്യാണ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി നൽകിയത്.
ഇമെയിൽ വഴിയാണ് യുവതികൾ പരാതി നൽകിയത്. ഇതേ തുടർന്നാണ് പ്രാഥമികമായ അന്വേഷണം പൂർത്തിയാക്കി കേസെടുത്തത്. ടാറ്റൂ ആര്‍ട്ടിസ്റ്റിന്‍റെ ലൈംഗികാതിക്രമം തുറന്നു പറഞ്ഞതിന് പിന്നാലെയായിരുന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും മീടൂ ആരോപണമുയർന്നത്. മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരിക്കെതിര നിരവധി സ്ത്രീകളാണ് ലൈംഗികാതിക്രമ പരാതി ഉന്നയിച്ചത്.