എറണാകുളം :കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ് (Central Minister Rajeev Chandrasekhar). സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം (Spreading Hate On social Media) നടത്തിയെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. കോൺഗ്രസ് നേതാവ് പി സരിൻ നൽകിയ പരാതിയിലാണ് കേസെടുത്തത് (Case Against Rajeev Chandrasekhar).
ചന്ദ്രശേഖറിനെതിരെ സൈബർ സെൽ എസ് ഐയുടെ പരാതിയിൽ നേരത്തെ കേസെടുത്തിട്ടുള്ളതാണ്. കളമശ്ശേരി സ്‌ഫോടനത്തെ (Kalamassery Blast) തുടർന്ന് സമൂഹ മാധ്യമത്തിലൂടെ മതസ്‌പർധയുണ്ടാക്കാൻ ശ്രമിച്ചുവെന്നതാണ് കേന്ദ്ര മന്ത്രിക്കെതിരായ ആരോപണം. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ, മതസൗഹാർദ അന്തരീക്ഷം തകർത്ത് കേരളത്തിൽ ലഹള ഉണ്ടാക്കണം എന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടിയായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പ്രവർത്തനങ്ങൾ എന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.
രാജീവ് ചന്ദ്രശേഖർ എന്ന ഫേസ്‌ബുക്ക് പേജിലൂടെ 29.10.2023 തീയതി മുതൽ പ്രകോപനപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി, ടെക്‌സ്‌റ്റും വീഡിയോ സന്ദേശങ്ങളുമായി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ഒരു മതവിഭാഗത്തിനെതിരെ മതസ്‌പർധ ഉണ്ടാക്കിയെന്നാണ് ആരോപണം. ഐപിസി 153, 153 A, 120 (o) കെ പി ആക്‌ട് തുടങ്ങി പൊലീസ് നിയമത്തിലെയും ഇന്ത്യൻ ശിക്ഷ നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.