എറണാകുളം:ചങ്ങനാശ്ശേരി നഗരസഭയുടെ നോമ്പുതുറ സൈറൺ വിവാദ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറി ഇറക്കിയ നോമ്പുതുറ സമയത്ത് സൈറൺ മുഴക്കണമെന്ന വിവാദ ഉത്തരവിന്മേൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് ക്രിസ്തീയ സംഘടനയായ കാസ ഹൈക്കോടതിയെ സമീപിച്ചത്. വിവാദ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.
സർക്കാർ സംവിധാനങ്ങളെ മതപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് ഭരണഘടന ധാർമ്മികതയ്ക്ക് എതിരാണ്. ഈ മാസം ഇരുപത്തിമൂന്നാം തീയതി മുതൽ ഏപ്രിൽ 21 വരെ നോമ്പുതുറ സമയത്ത് സൈറൺ മുഴക്കണമെന്നാവശ്യപ്പെട്ട് പുത്തൂർ പള്ളി ജമാഅത്ത് നഗരസഭയ്ക്ക് അപേക്ഷ നൽകുകയും തുടർന്ന് നഗരസഭ സെക്രട്ടറി ഇതുസംബന്ധിച്ച് ഉത്തരവിറക്കിയെന്നുമാണ് ഹർജിയിൽ പറയുന്നത്. ഭാവിയിൽ സമാനമായ ആവശ്യങ്ങളുമായി മറ്റ് മതവിഭാഗങ്ങളും എത്തിയേക്കാമെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശ നൽകുമെന്നും വാദമുണ്ട്.