എറണാകുളം: ബുധനഴ്‌ച അന്തരിച്ച കാർട്ടൂണിസ്റ്റ് യേശുദാസന്‍റെ മൃതദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ സെന്‍റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിന്‍റെ ചിറ്റൂർ സെമിത്തേരിയിലാണ് അടക്കം ചെയ്‌തത്. സംസ്ഥാന സർക്കാർ, മുഖ്യമന്ത്രി, വ്യവസായ മന്ത്രി എന്നിവർക്കു വേണ്ടി ജില്ലാ കലക്‌ടർ ജാഫർ മാലിക് പുഷ്‌പചക്രം അർപ്പിച്ചു.
സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു. ഇന്ന് (വ്യാഴം) രാവിലെ എട്ട് മുതൽ എട്ടര വരെ കളമശേരി ചങ്ങമ്പുഴ നഗറിലെ വസതിയിലും തുടർന്ന് കളമശേരി മുനിസിപ്പൽ ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വച്ചു.
ബുധനാഴ്‌ച പുലർച്ചെയാണ് കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കൊവിഡ് ബാധിതനായി ഏതാനും ആഴ്‌ചകൾക്കു മുമ്പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്‌ച മുമ്പ് കൊവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ചെയ്തിരുന്നു.
മലയാള പത്രത്തിലെ ആദ്യ സ്റ്റാഫ് കാർട്ടൂണിസ്റ്റാണ് യേശുദാസൻ കേരളത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂണിന്‍റെ രചയിതാവുമാണ്. 1955ല്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മാസികയില്‍ ദാസ് എന്ന പേരിലാണ് വരച്ച് തുടങ്ങിയത്. ജനയുഗം ആഴ്‌ചപതിപ്പിലെ ‘ചന്തു’ എന്ന കാർട്ടൂൺ പരമ്പരയാണ് ആദ്യ കാർട്ടൂൺ പംക്തി. കിട്ടുമ്മാവൻ, മിസിസ് നായർ, പൊന്നമ്മ സൂപ്രണ്ട് തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളിലൂടെ മലയാളിക്ക് ചിരിയും ചിന്തയും പകർന്ന കലാകാരനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം.