എറണാകുളം : പ്രശസ്‌ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ (38) അന്തരിച്ചു. കൊവിഡാനന്തരം ന്യുമോണിയയെ തുടർന്ന് ആലുവയിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച് രണ്ടാഴ്‌ച ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷം നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. തത്സമയ കാരിക്കേച്ചറിലൂടെ ശ്രദ്ധേയനായ ഇബ്രാഹിം ബാദുഷ 'കാർട്ടൂൺമാൻ ബാദുഷ' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു
കാർട്ടൂണിലൂടെ കൊവിഡ് ബോധവത്കരണത്തിൽ സജീവമായിരുന്ന ബാദുഷയ്ക്ക് ഐഎംഎയുടെ അഭിനന്ദനമടക്കം ലഭിച്ചിരുന്നു.
Also Read:തുടർച്ചയായി രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്സിൻ നല്‍കിയതായി പരാതി; വീട്ടമ്മ ആശുപത്രിയില്‍
കൊവിഡ് ബോധവത്കരണത്തിൽ സജീവമായിരുന്നു. കൊവിഡ് പ്രതിരോധ കാർട്ടൂണുകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിന് വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ വരെ അഭിനന്ദനം നേടിയവയായിരുന്നു ബാദുഷയുടെ കാർട്ടൂണുകൾ. മോട്ടോർ വാഹന വകുപ്പിന്‍റെ റോഡ് സുരക്ഷ പ്രചാരണത്തിലും പങ്കാളിയായിരുന്നു. നിരവധി കുട്ടികളെ ചിത്രകല പഠിപ്പിച്ചിട്ടുണ്ട്. കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനും കാർട്ടൂൺ ക്ലബ് ഓഫ് കേരള കോർഡിനേറ്ററുമാണ്. ആലുവ തോട്ടുമുഖം സ്വദേശിയാണ് ബാദുഷ. ഭാര്യ: ഫസീന, മക്കൾ: ഫനാൻ, ഐഷ, അമാൻ.