എറണാകുളം :ശബരിമലയിലെ അരവണ നിർമാണത്തിനുപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലക്കയെന്ന് ലാബ് റിപ്പോർട്ട്. തിരുവനന്തപുരത്തെ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിലാണ് ശബരിമലയിൽ അരവണ നിർമാണത്തിന് ഉപയോഗിക്കുന്ന ഏലക്കയ്‌ക്ക് ഗുണ നിലവാരമില്ലെന്ന കണ്ടെത്തൽ. അനുവദനീയമായ അളവിനേക്കാൾ കീടനാശിനിയുടെ അംശമടങ്ങിയ ഏലക്ക ഭക്ഷ്യ സുരക്ഷ മാനദണ്ഡപ്രകാരം സുരക്ഷിതമല്ലെന്നും ലാബ് റിപ്പോർട്ടിൽ പറയുന്നു.
അയ്യപ്പ സ്‌പൈസസ് കമ്പനി നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു ശബരിമല എക്‌സിക്യുട്ടീവ് ഓഫിസർ ഏലക്കയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചത്. ലാബിന്‍റെ പരിശോധന റിപ്പോർട്ടടക്കം ഹൈക്കോടതി ദേവസ്വം ബഞ്ച് നാളെ വീണ്ടും പരിഗണിക്കും. കഴിഞ്ഞ വർഷം വരെ ശബരിമലയിലേക്ക് ഏലക്ക വിതരണം ചെയ്‌തത് അയ്യപ്പ സ്‌പൈസസ് ആയിരുന്നു.