എറണാകുളം: ഭൂതത്താൻകെട്ട് അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശമായ വെള്ളം കെട്ടിച്ചാലിൽ നിർമിച്ച അനധികൃത ബണ്ട് പൊളിക്കല്‍ വീണ്ടും തുടങ്ങി. ബണ്ട് പൊളിക്കുന്നതിനെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു. പ്രതിഷേധവുമായെത്തിയ ജനപ്രതിനിധികളെയും സിപിഎം നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ബണ്ട് പൊളിച്ചു നീക്കണമെന്ന കലക്ടറുടെ നിർദേശമനുസരിച്ചാണ് പെരിയാർ വാലി അധികൃതർ ഇന്ന് രാവിലെ എത്തിയത്.
ഭൂതത്താന്‍ അണക്കെട്ടിലെ അനധികൃത ബണ്ട് പൊളിക്കല്‍ പുനരാരംഭിച്ചു ഇന്നലെ സ്ഥലം സന്ദർശിച്ച ശേഷമാണ് ജില്ലാ കലക്ടർ എസ്.സുഹാസ് ബണ്ട് പൊളിച്ചു നീക്കാൻ പെരിയാർവാലി അധികൃതരോട് നിർദ്ദേശിച്ചത്. ഇതു പ്രകാരം ഇന്ന് രാവിലെ പെരിയാർവാലി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പിജെ ജേക്കബിന്‍റെ നേതൃത്വത്തിൽ രാവിലെ 8.30ന് ജീവനക്കാർ എത്തി ബണ്ട് പൊളിക്കുന്നതിന് നീക്കം ആരംഭിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ സിപിഎം നേതാക്കളായ ബിജു പി.നായർ, സാബു വർഗീസ്, ലോക്കൽ സെക്രട്ടറി ഇ.പി രഘു, വാർഡ് മെമ്പർ സിനി യാക്കോബ് തുടങ്ങിയവര്‍ ബണ്ട് പൊളിക്കുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് സ്ഥലത്ത് എത്തിയ കോതമംഗലം തഹസിൽദാർ റെയ്ച്ചല്‍ കെ.വർഗീസ് കലക്ടറുടെ നിർദേശപ്രകാരം പൊളിക്കൽ നടപടി ആരംഭിച്ചു. കോതമംഗലം സിഐ യൂനസ്, പിറവം സിഐ ലൈജുമോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഇതിനിടെ മണ്ണ് നീക്കുന്നതിനായി ജെസിബി സ്ഥലത്തെത്തിയിരുന്നു. തുടർന്ന് പൊലീസ് അകമ്പടിയോടെ പെരിയാർ വാലി അധികൃതർ പൊളിക്കല്‍ നടപടി ആരംഭിക്കാന്‍ നീക്കം നടത്തവേ ജനപ്രതിനിധികളും സിപിഎം നേതാക്കളും ജെസിബിയുടെ പ്രവർത്തനം തടസ്സപ്പെടുത്തി വട്ടം കൂടി. ഏതാനും പേർ വാഹനത്തിന് മുന്നിൽ കുത്തിയിരിരുന്നു. തുടർന്നാണ് പൊലീസ് ഇവരെ ബലപ്രയോഗത്തിലൂടെ നീക്കിയത്. പ്രതിഷേധക്കാരെ പ്രദേശത്ത് നിന്നും നീക്കിയതിന് പിന്നാലെ ബണ്ട് പൊളിക്കല്‍ നിർത്തിവെക്കാന്‍ കലക്ടര്‍ നിർദേശിച്ചു. ഇരുപത്തിയഞ്ചോളം വരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. സ്ഥിതിഗതികൾ സംഘർഷഭരിതമായതിനെ തുടർന്ന് തഹസിൽദാർ കലക്ടറുമായി ബന്ധപ്പെട്ടു. ഇതിനിടയിൽ തന്നെ സിപിഎം നേതാക്കൾ കലക്ടറുമായി ഫോണിൽ ചർച്ച നടത്തി. എംഎല്‍എ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം ആവശ്യമായ നടപടി സ്വീകരണമെന്നും അതുവരെ പൊളിക്കുന്ന കാര്യത്തിത്തിൽ സാവകാശം വേണമെന്നും പ്രദേശവാസികളും സിപിഎം നേതാക്കളും ആവശ്യപ്പെട്ടു. ഉദ്യേഗസ്ഥരും പൊലീസ് സംഘവും സിപിഎം പ്രവർത്തകരും പ്രദേശത്ത് ക്യാമ്പു ചെയ്യുകയാണ്.
കാച്ച്മെൻ്റ് ഏരിയയുടെ ഇരു വശവും വനംവകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള വനഭൂമിയും അക്വേഷ്യ പ്ലാന്‍റേഷനുമാണ്. കാച്ച്മെൻ്റ് ഏരിയയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് വെള്ളക്കെട്ടിലൂടെ മറുകര കടക്കാൻ ചെറിയൊരു ബണ്ട് നിലവിലുണ്ടായിരുന്നു. വനഭൂമിക്ക് സമീപത്തായി കുടിയേറ്റ ഭൂമിയിലേക്ക് കടക്കുന്നതിനും ഈ ബണ്ട് തന്നെയായിരുന്നു ആശ്രയം. എന്നാൽ വാഹനങ്ങൾ കടത്തികൊണ്ട് പോകുവാൻ ഇതുവഴി കഴിയുമായിരുന്നില്ല. ഇതിനെ മറികടക്കുവാൻ പെരിയാർ വാലി പഞ്ചായത്ത് അധികാരികളുടെ ഒത്താശയോടെ 50 മീറ്റർ നീളമുള്ള ബണ്ട് അഞ്ച് മീറ്റർ വീതിയാക്കി മാറ്റി മണ്ണിട്ട് ഉയർത്തുകയായിരുന്നു. പ്ലാന്റേഷൻ വഴി കടന്ന് വരുന്ന വാഹനങ്ങൾക്ക് ബണ്ട് വഴി വനത്തിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കും.