കേരളം

kerala

ETV Bharat / state

അട്ടിമറിക്ക് സാധ്യതയില്ല; ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് - സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അമിതമായ ചൂടിനെ തുടര്‍ന്നാണ് കത്തിയതെന്ന സംശയമാണ് പൊലീസിനുള്ളത്. ചീഫ് സെക്രട്ടറിക്കാണ് സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്.

brahmapuram waste plant fire  brahmapuram waste plant fire investigation report  police investigation report on brahmapuram fire  ernakulam news  kerala news  ബ്രഹ്മപുരം  ബ്രഹ്മപുരം പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്  സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ  ചീഫ് സെക്രട്ടറി
brahmapuram waste plant fire

By

Published : Mar 28, 2023, 10:07 AM IST

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിൽ അട്ടിമറിക്ക് തെളിവില്ലന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ ചീഫ് സെക്രട്ടറിക്ക് കൈമാറിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബ്രഹ്മപുരത്ത് ആരെങ്കിലും മനപൂർവം തീവച്ചതായുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലന്നും റിപ്പോർട്ടിൽ പറയുന്നു.

അമിതമായ ചൂടിനെ തുടർന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ തീപിടിത്തമുണ്ടായെന്ന സംശയമാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുമുള്ളത്. എന്നാൽ, അട്ടിമറി സാധ്യത പൊലീസ് പൂർണമായും തള്ളിക്കളയുന്നില്ല. അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ആദ്യം തീപ്പിടിത്തമുണ്ടായ സെക്‌ടർ ഒന്നിൽ ഒരു സിസിടിവി കാമറയാണുള്ളത്. ഇതിൽ തീപിടിത്തം തുടങ്ങിയ ഭാഗത്തിന്‍റെ ദൃശ്യം ലഭിച്ചിരുന്നില്ല. തീപ്പിടിത്തം നടന്ന സ്ഥലത്തിന്‍റെ ഉയർന്ന ദൃശ്യമികവുള്ള ഉപഗ്രഹ ചിത്രങ്ങളും കത്തിയ മാലിന്യത്തിന്‍റെ സാംപിളിന്‍റെ ഫൊറൻസിക് റിപ്പോർട്ടും ലഭിക്കാൻ സമയമെടുക്കും.

പ്ലാന്‍റിലെ സിസിടിവി ദൃശ്യങ്ങൾ, സംഭവ ദിവസം ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴി, ബ്രഹ്മപുരത്തും പരിസരത്തുമുണ്ടായിരുന്നവരുടെ ഫോൺ കോൾ വിശദാംശങ്ങൾ ഉൾപ്പെടെ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്‌തിരുന്നു. അമ്പതിലധികം പേരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

അതേസമയം, ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്‍റില്‍ ഞായറാഴ്‌ച വീണ്ടും തീപിടിത്തമുണ്ടായിരുന്നു. സെക്‌ടര്‍ ഏഴിലാണ് തീപിടിത്തമുണ്ടായത്. ജില്ലയിലെ കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അണച്ചത്.

മുൻകരുതലിന്‍റെ ഭാഗമായി ബ്രഹ്മപുരത്ത് നിയോഗിച്ചിരുന്ന അഗ്നിശമന സേന യൂണിറ്റുകളാണ് ആദ്യം തീയണയ്ക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ, തീ നിയന്ത്രണാതീതമായതോടെ കൂടുതൽ അഗ്നിശമന സേന യൂണിറ്റുകളെ സ്ഥലത്ത് എത്തിച്ചു. വൈകുന്നേരം നാല് മണിയോയായായിരുന്നു തീ ഉയർന്നത്.

അതേസമയം, ശക്തമായ പുകയാണ് തീപ്പിടിത്തമുണ്ടായ ഭാഗത്ത് നിന്നും ഉയർന്നത്. കഴിഞ്ഞ മാർച്ച് രണ്ടിനുണ്ടായ തീ അണയ്ക്കാൻ കഴിഞ്ഞത് പന്ത്രണ്ട് ദിവസത്തിന് ശേഷമായിരുന്നു. ഈയൊരു സാഹചര്യത്തിൽ വീണ്ടും തീപിടിത്തമുണ്ടായത് ജനങ്ങളിൽ വലിയ ആശങ്കയ്ക്ക് കാരണമായി. വീണ്ടും തീപിടിത്തമുണ്ടായ സാഹചര്യത്തിൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായും രംഗത്ത് എത്തിയിരുന്നു.

13-ാം ദിനത്തില്‍ ആശ്വാസം:മാര്‍ച്ച് രണ്ടിന് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി 13 ദിവസത്തോളമാണ് കൊച്ചി നഗരത്തെയും സമീപ പ്രദേശങ്ങളെയും ഭീതിയിലാഴ്‌ത്തിയത്. മാലിന്യ പ്ലാന്‍റിലുണ്ടായിരുന്ന ലക്ഷക്കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം കത്തുകയും അവയുടെ വിഷപുക അന്തരീക്ഷത്തിലേക്ക് പരക്കുകയും ചെയ്‌തിരുന്നു. ഇത് മനുഷ്യനും പ്രകൃതിക്കും ദീർഘകാല അടിസ്ഥാനത്തിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിദഗ്‌ദർ ചൂണ്ടികാണിക്കുന്നത്.

അന്തരീക്ഷത്തില്‍ ഉയര്‍ന്ന വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ആയിരത്തിലധികം പേര്‍ ജില്ലയില്‍ ചികിത്സ തേടിയിരുന്നു. തീയും പുകയും അണയ്‌ക്കാന്‍ സാധിച്ചതിന് പിന്നാലെ വീണ്ടും ഇത്തരമൊരു സംഭവം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ വേണ്ട നിരീക്ഷണം അഗ്നിരക്ഷാസേന തുടരുമെന്നാണ് അറിയിച്ചിരുന്നത്.

വേനല്‍മഴ പെയ്‌ത സാഹചര്യത്തില്‍ ബ്രഹ്മപുരത്തെ സ്ഥിതി മെച്ചപ്പെട്ടതാണ്. എന്നാല്‍ വീണ്ടും വേനല്‍ കടുത്തതോടെയാണ് തീപിടിത്തം ഉണ്ടായത്.

തീപിടിക്കാൻ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ള സാഹചര്യത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇനിയും ചെറിയ തോതില്‍ തീ പടരാന്‍ സാധ്യതയുണ്ടെന്ന് ജില്ല ഭാരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം നേരിടാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കി. അഗ്നിരക്ഷാ സേനയുടെ സേവനം തുടർന്നും ബ്രഹ്മപുരത്ത് തുടരും. കാവൽക്കാർ, കാമറകൾ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details