കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഒഴിയുന്നു. തീയും പുകയും അണയ്ക്കാൻ കഴിഞ്ഞുവെങ്കിലും വീണ്ടും പുക ഉയരുന്നത് തടയാനുള്ള പ്രവർത്തനങ്ങൾ പന്ത്രണ്ടാം ദിവസവും തുടരും. ബ്രഹ്മപുരം ദൗത്യം തൊണ്ണൂറ്റിയെട്ട് ശതമാനം പൂർത്തിയായെന്നാണ് ജില്ല ഭരണകൂടം അറിയിച്ചത്.
ഏക്കറുകൾ വ്യാപിച്ചുകിടക്കുന്ന മാലിന്യ പ്ലാന്‍റിനെ വിവിധ സെക്‌ടറുകളായി തിരിച്ചായിരുന്നു കഴിഞ്ഞ പതിനൊന്ന് ദിവസമായി അഗ്നി ശമന സേന തീയണയ്ക്കാനുള്ള പ്രവർത്തനം നടത്തിയത്. സ്ഥിതി ഏറ്റവുധികം ഗുരുതരമായിരുന്ന സെക്‌ടർ ആറ്, ഏഴ് ഉൾപ്പടെയുള്ള മാലിന്യ കൂമ്പാരത്തിലെ പുകയണയ്ക്കാൻ കഴിഞ്ഞതോടെയാണ് പതിനൊന്ന് ദിവസം നീണ്ട ദൗത്യം പൂർത്തിയാകുന്നത്. അതേസമയം തീയണച്ച ഇടങ്ങളിൽ നിന്ന് ചെറിയ തോതിൽ ഇടയ്ക്ക് പുക ഉയരുന്ന സാഹചര്യവും നിലവിലുണ്ട്.
തീപിടിക്കാൻ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇനിയും ചെറിയ തോതിൽ തീപിടിക്കാൻ സാധ്യതയുണ്ടെന്നാണ് ജില്ലാഭരണകൂടം വ്യക്തമാക്കുന്നത്. ഈ സാഹചര്യം നേരിടാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കും. അഗ്നിരക്ഷാ സേനയുടെ സേവനം തുടർന്നും ബ്രഹ്മപുരത്ത് തുടരും.
കാവൽക്കാർ, ക്യാമറകൾ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കും. തീപിടിത്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്‍റെ ഭാഗമായി കോടതി നിയോഗിച്ച നിരീക്ഷണ സമിതി അംഗങ്ങൾ ശനിയാഴ്‌ച ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് സന്ദർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമിതി കോടതിക്ക് ഇന്ന് കൈമാറും.
മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ : ബ്രഹ്‌മപുരത്ത് തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഇന്ന് രണ്ട് മൊബൈല്‍ യൂണിറ്റുകളും ചൊവ്വാഴ്‌ചയോടെ 5 മൊബൈല്‍ യൂണിറ്റുകളും പ്രവര്‍ത്തനനിരതരാകും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്നത്.