ബ്രഹ്മപുരം തീപിടിത്തം ആറാം ദിവസം കൊച്ചി : ബ്രഹ്മപുരത്തെ മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള പുക നിയന്ത്രിക്കാനുള്ള പ്രവർത്തനത്തിൽ ചൊവ്വാഴ്‌ച നേവിയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകള്‍ പങ്കാളികളായി. തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി ആറാം ദിവസവും കൊച്ചിയിൽ തുടരുകയാണ്. തീ പൂർണമായും നിയന്ത്രണവിധേയമായെങ്കിലും പ്ലാസ്‌റ്റിക് മാലിന്യ കൂമ്പാരത്തിൽ നിന്നും ശക്തമായ പുക ഉയരുന്നതാണ് പ്രയാസം സൃഷ്‌ടിക്കുന്നത്. കുണ്ടന്നൂർ, മരട്, വൈറ്റില തുടങ്ങിയ കൊച്ചിയിലെ നഗരപ്രദേശങ്ങളിൽ ഇന്നും രാവിലെ പുക ഉയരുന്നുണ്ട്. ഇത് രണ്ട് ദിവസത്തിനകം പൂര്‍ണമായി പരിഹരിക്കാനാകുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
അക്ഷീണം ആറാം ദിവസം : പുക പൂര്‍ണമായി അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മറ്റ് ജില്ലകളില്‍ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പടെ 30 ഫയര്‍ ടെന്‍ഡറുകളും 12 ഹിറ്റാച്ചികളും ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കൂടാതെ നേവിയുടെയും വ്യോമസേനയുടെയും സംഘങ്ങളുമുണ്ട്.
മാലിന്യക്കൂമ്പാരം ഇളക്കിക്കൊണ്ട് അകത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്. താഴെ നിന്ന് പുകയണയ്ക്കാന്‍ കാറ്റ് അനുകൂലമല്ലാത്ത സമയങ്ങളില്‍ നേവിയുടെയും വ്യോമസേനയുടെയും ഹെലികോപ്‌റ്ററുകളില്‍ മുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നു.വ്യോമസേനയുടെ സൊലൂര്‍ സ്‌റ്റേഷനില്‍ നിന്നുള്ള എംഐ 17 വി5 ഹെലികോപ്‌റ്ററാണ് വെള്ളം മുകളില്‍ നിന്ന് പമ്പ് ചെയ്യുന്നതിനായി എത്തിയത്. ഒന്നര മണിക്കൂര്‍ വ്യോമസേനയുടെ ഓപ്പറേഷന്‍ തുടര്‍ന്നു. ആറ് ഷട്ടിലുകളിലായി 10,800 ലിറ്റര്‍ വെള്ളമാണ് ഒഴിച്ചത്. എഫ് എ സി ടിയുടെ റിസര്‍വോയറില്‍ നിന്നാണ് ജലമെടുത്തത്.
ആരോഗ്യസംരക്ഷണത്തിനായി : ഇതുവരെ പുക മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ജില്ല ഭരണകൂടം അറിയിച്ചത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍, 12 വയസിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രഹ്‌മപുരം മാലിന്യപ്ലാന്‍റിലെ തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി പ്ലാന്‍റിന് സമീപത്ത് മെഡിക്കല്‍ ക്യാംപ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും മെഡിക്കല്‍ ടീമിന്‍റെ സേവനമുണ്ടാകും.
ഫയര്‍ ആന്‍റ് റെസ്‌ക്യു സേനാംഗങ്ങള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. നാല് ഡോക്‌ടര്‍മാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സേവനം നല്‍കും. പാരാമെഡിക്കല്‍ സ്‌റ്റാഫും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ നഴ്‌സുമാരും സേവനത്തിനുണ്ടാകും. രണ്ട് ആംബുലന്‍സുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സില്‍ രണ്ട് ഓക്‌സിജന്‍ പാര്‍ലറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ ആംബുലന്‍സില്‍ മെഡിക്കല്‍ സംഘമാണുള്ളത്. ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ വിദഗ്‌ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ആംബുലന്‍സിലുണ്ടാകും. ആശുപത്രികളിലേക്ക് രോഗികളെ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി.
വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രം, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ രോഗികളെ ഈ ആശുപത്രികളിലെത്തിക്കും. നേരത്തെ ബ്രഹ്‌മപുരം മാലിന്യപ്ലാന്‍റിന് സമീപത്തെ കെഎസ്ഇബിയുടെ ട്രാന്‍സ്‌മിഷന്‍ സ്‌റ്റേഷനിലെ ജീവനക്കാര്‍ക്കായി മെഡിക്കല്‍ ക്യാംപ് നടത്തിയിരുന്നു. സ്‌റ്റേഷനിലെ 40 ജീവനക്കാര്‍ക്ക് വൈദ്യ പരിശോധന നടത്തി. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടോ എന്നാണ് പരിശോധിച്ചത്. ആവശ്യമായ മരുന്നുകളും നല്‍കി. രക്തസമ്മര്‍ദം, പ്രമേഹം എന്നീ പരിശോധനകളും ക്യാംപില്‍ ലഭ്യമാക്കി. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. ശ്രീദേവിയുടെ നേതൃത്വത്തിലാണ് ക്യാംപ് ആരംഭിച്ചത്.
തീയണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേന വായുവിന്‍റെ ഗുണനിലവാരം അളക്കാൻ എം ജി യൂണിവേഴ്‌സിറ്റി :കൊച്ചിയിലെ അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള മൊബൈല്‍ വാഹനം സിവില്‍ സ്‌റ്റേഷനിലെത്തി. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നുള്ള ആംബിയന്‍റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് വാന്‍ ആണ് എത്തിയത്. അസിസ്‌റ്റന്‍റ് പ്രൊഫസര്‍ ഡോ. മഹേഷ് മോഹന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. പി എച്ച് ഡി വിദ്യാര്‍ഥിയായ എന്‍ ജി വിഷ്‌ണു, എം എസ് സി വിദ്യാര്‍ഥിയായ ആല്‍ബിന്‍ ഷാജന്‍ എന്നിവരാണ് വാഹനത്തിലുള്ളത്. മൂന്ന് ദിവസം വായുവിന്‍റെ ഗുണനിലവാരം നിരീക്ഷിച്ച ശേഷം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ല കലക്‌ടര്‍ക്ക് നല്‍കും. ആദ്യ ദിവസം സിവില്‍ സ്‌റ്റേഷനിലാണ് വാഹനം തങ്ങുന്നത്. അടുത്ത ദിവസം മറ്റിടങ്ങളിലേക്ക് മാറ്റും.
അന്തരീക്ഷത്തിലെ ഹരിത വാതകങ്ങളുടെ നിലയറിയാനുള്ള ഫീല്‍ഡ് ഗ്യാസ് അനലൈസറും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. എം ജി സര്‍വകലാശാല എന്‍വയോണ്‍മെന്‍റ് സയന്‍സ് വിഭാഗത്തിലെ പ്രൊഫ. ഇ വി രാമസ്വാമിയുടെ നേതൃത്വത്തിലാണ് ഹരിത വാതകങ്ങളുടെ തോത് അളക്കുന്നത്.
മാലിന്യനീക്കം നിലച്ചു : തീപിടിത്തത്തെ തുടർന്ന് നഗരത്തിലെ മാലിന്യ നീക്കം നിലച്ചിരിക്കുന്നത് നഗരത്തിൽ പുതിയ പ്രതിസന്ധിക്ക് കാരണമായി. വീടുകൾ, ഫ്ലാറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യ നീക്കം വ്യാഴാഴ്‌ച മുതലാണ് നിലച്ചത്. വീടുകളിലും ഫ്ലാറ്റുകളിലും മാലിന്യം കെട്ടിക്കിടക്കുന്നത് ദുർഗന്ധത്തിനും, ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാവുകയാണ്. ചൊവ്വാഴ്‌ച മുതൽ മാലിന്യ നീക്കത്തിന് താത്‌കാലിക ബദൽ സംവിധാനം ഏർപ്പെടുത്തിയതായാണ് ജില്ലാഭരണകൂടം അറിയിച്ചതെങ്കിലും ശേഖരണം തുടങ്ങിയില്ല.
ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ ജൈവ മാലിന്യ സംസ്‌കരണത്തിന് അമ്പലമേട്ടിലാണ് സ്ഥലം കണ്ടെത്തിയത്. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താത്‌കാലികമായി സംസ്‌കരിക്കുക. ഇതുസംബന്ധിച്ച് ജില്ല ഭരണകൂടം കൊച്ചി കോർപറേഷന് നിർദേശം നൽകിയിട്ടുണ്ട്. കോർപറേഷൻ, കിൻഫ്ര, ഫാക്‌ട് എന്നിവ സംയുക്തമായാണ് ഇതിന് നടപടി സ്വീകരിക്കുക. ഭക്ഷണാവശിഷ്‌ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ ശേഖരിച്ച് അമ്പലമേടുള്ള സ്ഥലത്തെത്തിച്ച് സംസ്‌കരിക്കാനാണ് തീരുമാനം.