കേരളം

kerala

ETV Bharat / state

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപ്പറേഷന് താത്കാലിക ആശ്വാസം, പിഴ ഒടുക്കാൻ 8 ആഴ്‌ച സാവകാശം നൽകി ഹൈക്കോടതി - കൊച്ചി കോർപ്പറേഷന് താത്കാലിക ആശ്വാസം

ബ്രഹ്മപുരം വിഷയത്തിൽ മേയ് രണ്ടിന് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് ജില്ല ഭരണകൂടത്തിനും കോർപറേഷനും ഹൈക്കോടതി നിർദേശം.

brahmapuram  ബ്രഹ്മപുരം  ബ്രഹ്മപുരം തീപ്പിടുത്തം  കൊച്ചി കോർപ്പറേഷൻ  Kochi Corporation  ഗ്രീൻ ട്രൈബ്യൂണൽ  Green Tribunal  കേരള ഹൈക്കോടതി  brahmapuram Fire  കൊച്ചി കോർപ്പറേഷന് താത്കാലിക ആശ്വാസം  Kerala hc stay ngt order on kochi corporation
ബ്രഹ്മപുരം തീപ്പിടിത്തം

By

Published : Apr 11, 2023, 7:59 PM IST

എറണാകുളം:ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തിയ ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിൽ ഹൈക്കോടതി ഇടപെടൽ. പിഴ ഒടുക്കാനായി കോർപ്പറേഷന് എട്ട് ആഴ്‌ച സാവകാശം ഹൈക്കോടതി നൽകി. ഏപ്രിൽ 16 ന് അകം പിഴ അടയ്‌ക്കണമെന്നായിരുന്നു ട്രൈബ്യൂണൽ നേരത്തെ ഉത്തരവിട്ടിരുന്നത്.

പിഴ ചുമത്താനുള്ള ഉത്തരവിനെതിരെ കോർപറേഷൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ വൈകിയതോടെ റോഡുകൾ മാലിന്യക്കൂമ്പാരമായെന്ന് കോടതി ചൂണ്ടികാട്ടി. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും കോടതി വ്യക്‌തമാക്കി.

കൊച്ചിയിലെ റോഡുകൾ ബ്രഹ്മപുരത്തിന് തുല്ല്യമായെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച ജലസ്രോതസുകളിലെ സാമ്പിളുകളിൽ ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന് കലക്‌ടർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നതെന്ന് കോടതി വിമർശന സ്വരത്തിൽ ചോദിച്ചു.

ബ്രഹ്മപുരം വിഷയത്തിൽ നിരീക്ഷണം തുടരുമെന്ന് വ്യക്തമാക്കിയ കോടതി മേയ് രണ്ടിന് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് ജില്ല ഭരണകൂടത്തിനും കോർപറേഷനും നിർദേശം നൽകി. പ്ലാസ്റ്റിക് വേർതിരിക്കാതെ മാലിന്യം ജനങ്ങൾ പൊതുനിരത്തിൽ തള്ളുന്നതാണ് വെല്ലുവിളിയെന്ന് കൊച്ചിൻ കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു.

210-230 ടണ്‍ ജൈവമാലിന്യങ്ങൾ പ്രതിദിനം ശേഖരിക്കുന്നുണ്ട്. ഏപ്രിൽ നാല് മുതൽ ലെഗസി വേസ്റ്റും സ്വീകരിക്കുന്നുണ്ടെന്നും കോർപ്പറേഷൻ വ്യക്താക്കി. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി മേയ് 23 ന് വീണ്ടും പരിഗണിക്കും.

കൊച്ചിയെ വിഴുങ്ങിയ തീ: കഴിഞ്ഞ മാർച്ച് രണ്ടിനാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തം ഉണ്ടായത്. കഠിന പരിശ്രമത്തിനൊടുവിൽ പതിമൂന്നാം ദിവസമായിരുന്നു പൂർണമായും തീ അണയ്ക്കാൻ കഴിഞ്ഞത്. പ്ലാസ്റ്റിക് മാലിന്യം കത്തിയുണ്ടായ വിഷപ്പുക അന്തരീക്ഷത്തിലേക്ക് പടരുകയും ഇത് മൂലം ആയിരത്തിലധികം ആളുകൾ ശാരീരിക ബുദ്ധിമുട്ടുകളോടെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്‌തിരുന്നു.

തീയും പുകയും പൂർണമായും അണയ്ക്കാൻ കഴിഞ്ഞുവെങ്കിലും വീണ്ടും തീ ഉയരുന്നത് തടയാനുള്ള നിരീക്ഷണം ബ്രഹ്‌മപുരത്ത് ഇപ്പോഴും തുടരുകയാണ്. തീപിടിത്തത്തിന് പിന്നാലെ മാലിന്യം സംസ്‌കരിക്കാൻ കൊച്ചിക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശം നൽകിയിരുന്നു.

പുതിയ പ്ലാന്‍റിനായി ടെൻഡർ: ഇതിനിടെ ബ്രഹ്മപുരത്ത് പുതിയ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കാൻ കൊച്ചി കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ദിനം പ്രതി 150 ടൺ ജൈവ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്‍റ് നിർമിക്കണമെന്നാണ് കോർപ്പറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

48.56 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്ലാന്‍റ് നിർമിക്കുന്നതിന് 39.49 കോടി രൂപയും അഞ്ച് വർഷം പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണിക്കുമായി 9.07 കോടി രൂപയുമാണ് കോർപ്പറേഷൻ കണക്കാക്കുന്നത്. തീപിടിത്തത്തെ തുടർന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് പ്രവർത്തന രഹിതമായ സാഹചര്യത്തിലാണ് പുതിയ പ്ലാന്‍റ് നിർമിക്കുന്നത്.

ഏപ്രിൽ 25നുളളിൽ ടെൻഡർ സമർപ്പിക്കണമെന്നാണ് കോർപ്പറേഷന്‍റെ നിർദേശം. എട്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയും ഒമ്പത് മാസത്തിനുള്ളിൽ പ്ലാന്‍റ് പ്രവർത്തിപ്പിക്കുകയും വേണമെന്നാണ് കോർപ്പറേഷൻ നിർദേശിക്കുന്നത്.

ABOUT THE AUTHOR

...view details