എറണാകുളം :പുകക്കടലിൽ നിന്ന് ആശ്വാസ തീരമണഞ്ഞ് കൊച്ചി. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തവും പുക വമിക്കലും പൂര്‍ണമായി അണച്ചതായി ജില്ല കലക്‌ടർ എന്‍ എസ് കെ ഉമേഷ് അറിയിച്ചു. ഭാവിയില്‍ ബ്രഹ്‌മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികളും ജില്ല ഭരണകൂടം അവലോകനം ചെയ്‌തു.
ഫയര്‍ ആന്‍റ് റെസ്‌ക്യു, റവന്യു, നേവി, എയർഫോഴ്‌സ്, സിവിൽ ഡിഫൻസ്, പൊലീസ്, ഹോംഗാർഡ്, കോര്‍പറേഷന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റ്, എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍, ആരോഗ്യം, എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റർമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ അധ്വാനത്തിന്‍റെ ഫലമായാണ് കൊച്ചിയുടെ വാനം തെളിഞ്ഞത്.
സ്‌മോള്‍ഡറിംഗ് ഫയര്‍ ആയതുകൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ വരെ ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഇനി തീയുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്ക്കും. ഇതിനാവശ്യമായ എക്‌സ്‌കവേറ്ററുകളും ഉപകരണങ്ങളുമുണ്ട്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഭാവിയില്‍ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള ഹ്രസ്വകാല പദ്ധതി തയാറാക്കാന്‍ അഗ്നിരക്ഷാസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്‌ടർ പറഞ്ഞു.
തീ അണയ്ക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഉദ്യോഗസ്ഥര്‍ക്ക് ശാരീരികവും മാനസികവുമായ സമ്മര്‍ദം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കാക്കനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ കോളജിലെ ടീമിന്‍റെ സേവനം ലഭ്യമാക്കി ചൊവ്വാഴ്ച മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും. ക്യാംപില്‍ പള്‍മണോളജിസ്‌റ്റ് ഉള്‍പ്പടെയുള്ള സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കും. ഇതില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് കലക്‌ടർ അഭ്യര്‍ഥിച്ചു.