മാലിന്യ ശേഖരണം തടസപെട്ടതില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് എറണാകുളം:ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്ന് നഗരത്തിലെ മാലിന്യ ശേഖരണം തടസപെട്ടതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കൊച്ചി കോർപ്പറേഷന് മുന്നിൽ മാലിന്യം നിക്ഷേപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മാലിന്യവുമായെത്തിയ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ടിറ്റോ ആന്‍റണി ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ പൊലീസ് കോർപ്പറേഷന് മുന്നിൽ തടയുകയായിരുന്നു.
കൊച്ചിയിലെ ജനങ്ങൾ കഴിഞ്ഞ പത്ത് ദിവസമായി വിഷപ്പുക ശ്വസിക്കുകയാണെന്നും ഇതിന്‍റെ പരിണിത ഫലം ഗുരുതരമായിരിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ടിറ്റോ ആന്‍റണി പറഞ്ഞു. കാസർകോട് എൻഡോസൾഫാൻ ദുരന്തത്തിന് സമാനമായ സാഹചര്യമാണ് വിശപ്പുക കൊച്ചിയിൽ സൃഷ്‌ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജനിക്കാനിരിക്കുന്ന കുട്ടികളെ പോലും ഈ വിഷപ്പുക ബാധിക്കും. കൊച്ചി മേയർ മോഷ്‌ടാവിനെ പോലെ ഒളിച്ചുനടക്കുകയാണ്. കോർപ്പറേഷന് മുന്നിൽ മാലിന്യം നിക്ഷേപിച്ചത് ഒരു സൂചനയാണെന്നും മാലിന്യ ശേഖരണം പുനരാരംഭിച്ചില്ലെങ്കിൽ കോർപ്പറേഷന് മുന്നിൽ മാലിന്യമല സൃഷ്‌ടിക്കുമെന്നും ടിറ്റോ ആന്‍റണി മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ പിരിഞ്ഞു പോയതിന് പിന്നാലെ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്‌തു.
ദൗത്യം തുടരുന്നു: എന്നാല്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി പത്താം ദിവസവും കൊച്ചിയിൽ തുടരുകയാണ്. തീപൂർണമായും നിയന്ത്രണവിധേയമായെങ്കിലും പ്ലാസ്‌റ്റിക് മാലിന്യകൂമ്പാരത്തിൽ നിന്നും പുക ഉയരുന്നത് തടയാനുള്ള പ്രവർത്തനമാണ് പുരോഗമിക്കുന്നത്. തീപിടിത്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്‍റെ ഭാഗമായി കോടതി നിയോഗിച്ച നിരീക്ഷണ സമിതി അംഗങ്ങൾ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് സന്ദർശിച്ചു. സമിതി നിലവിലെ സാഹചര്യം കോടതിയെ അറിയിക്കും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടും കോടതിക്ക് കൈമാറും.
അന്തിമഘട്ടത്തിലെന്ന് ജില്ല ഭരണകൂടം:അതേസമയം ബ്രഹ്മപുരം പുകയണയ്ക്കൽ അന്തിമഘട്ടത്തിലാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ദൗത്യം 90 ശതമാനം പിന്നിട്ടതായും അധികൃതർ വ്യക്തമാക്കി. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിത ഗതിയിൽ പുരോഗമിക്കുകയാണ്. മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായതെന്നും ഇതിന് പരിഹാരമായി മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്‌താണ് പുക പൂർണമായും നിയന്ത്രണ വിധേയമാക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
അവസാന ഘട്ടമായ ഇപ്പോള്‍ ദൗത്യം ഏറെ ശ്രമകരമാണ്. രാപ്പകൽ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തിൽ നിലവിൽ 170 അഗ്നിശമന സേനാംഗങ്ങളും, 32 എക്സ്കവേറ്റർ ഓപ്പറേറ്റർമാരും, 11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ നാലുപേരും, ബി.പി.സി.എല്ലിലെ ആറുപേരും, 71 സിവിൽ ഡിഫൻസ് അംഗങ്ങളും, 30 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാർഡുകളുമാണ് പങ്കാളികളായിരിക്കുന്നത്. 23 ഫയർ യൂണിറ്റുകളും, 32 ജെസിബികളും മൂന്ന് ഹൈ പ്രഷർ പമ്പുകളുമാണ് നിലവിൽ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്.
മാലിന്യ ശേഖരണം പുനരാരംഭിച്ചു: അതിനിടെ നഗരത്തിലെ മാലിന്യ ശേഖരണം പുനരാരംഭിച്ചു. വീടുകളിലും ഫ്ലാറ്റുകളിലും കെട്ടികിടക്കുന്ന ജൈവ മാലിന്യം ശേഖരിച്ച് ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടിത്തമില്ലാത്ത മേഖലയിലാണ് എത്തിച്ചത്. മാലിന്യവുമായുള്ള വണ്ടികൾ തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പൊലീസ് സഹായത്തോടെ ബ്രഹ്മപുരത്തേക്ക് കടത്തി വിടുകയായിരുന്നു. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ ജൈവ മാലിന്യ സംസ്‌കരണത്തിന് അമ്പലമേട്ടിൽ സ്ഥലം കണ്ടെത്തിയിരുന്നുവെങ്കിലും ഇവിടെ മാലിന്യമെത്തിച്ചിരുന്നില്ല. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജൈവ മാലിന്യം താത്‌കാലികമായി സംസ്‌കരിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു കഴിയാതെ വന്നതോടെയാണ് ബ്രഹ്മപുരത്ത് തന്നെ വീണ്ടും ജൈവ മാലിന്യം നിക്ഷേപിച്ചത്.
അതേസമയം കോർപ്പറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ മാർച്ച് രണ്ടിന് വൈകുന്നേരം നാലു മണിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. ഇതോടെ വീടുകൾ, ഫ്ലാറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യ നീക്കം 10 ദിവസമായി നിലച്ചിരിക്കുകയായിരുന്നു. നഗരത്തിൽ പുതിയ പ്രതിസന്ധിക്കും ഇത് കാരണമായിരുന്നു.