എറണാകുളം: ഈ മഹാമാരിക്കാലത്ത് സ്കൂളില്‍ പോകാൻ കഴിയാതെയും സുഹൃത്തുക്കളുമായി ഒത്തുചേരാൻ കഴിയാതെയും വിഷമിച്ച കുരുന്നുകൾ മാനസിക ഉല്ലാസത്തിനായി പല വഴികൾ തേടിയിരുന്നു. അങ്ങനെയാണ് പലരും ബോട്ടില്‍ ആർട് എന്ന കുപ്പി വര പരീക്ഷിക്കാൻ തുടങ്ങിയത്. പല്ലാരിമംഗലം സർക്കാർ വിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിനി ഷെഹർബാനു ഷിറിനും ബോട്ടില്‍ ആർട്ട് പരീക്ഷിക്കാൻ തീരുമാനിച്ചു.
കൊവിഡ് കാലത്ത് ബോട്ടിൽ ആർട്ടിൽ വിസ്‌മയം തീർത്ത് ആറാം ക്ലാസുകാരി മനസ് നിറയെ സ്വപ്‌നങ്ങളും ചായങ്ങളും നിറഞ്ഞ ഷെഹർബാനു ഷിറിൻ വളരെ വേഗത്തില്‍ ബോട്ടില്‍ ആർടില്‍ വിസ്‌മയം തീർത്തു. നിറമുള്ള തന്‍റെ സ്വപ്‌നങ്ങളൊക്കെയും ബോട്ടിലുകളിലേക്ക് കൈമാറിയപ്പോൾ കുപ്പികൾ മനോഹര രൂപങ്ങളായി മാറി.
ഉപയോഗശൂന്യമായ കുപ്പികളില്‍ അക്രിലിക് പെയിന്‍റും, മോൾഡിങ് പേസ്റ്റും ഉപയോഗിച്ചാണ് മനോഹരങ്ങളായ ബഹുവർണ ചിത്രങ്ങൾ ഒരുക്കുന്നത്. ഒരു കുപ്പിയിൽ ചിത്രം വരയ്ക്കാൻ ഒരു ദിവസമെങ്കിലും വേണ്ടി വരുമെന്ന് ഷെഹർബാനു പറയുന്നു. പ്രകൃതിക്ക് ദോഷം വരുത്തുന്ന കുപ്പികൾ അലങ്കാര വസ്‌തുവാക്കി മാറ്റുന്ന ഈ ആറാം ക്ലാസുകാരിയുടെ വീടിന്‍റെ സ്വീകരണമുറിയും, കിടപ്പുമുറിയും, അടുക്കളയും എല്ലാം ബഹുവർണ കുപ്പികളാൽ നിറഞ്ഞിരിക്കുകയാണ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഈ കുപ്പികൾ നല്‍കുന്നുമുണ്ട്.
പഠന രംഗത്തും മികവ് പുലർത്തുന്ന ഷെഹർബാനു കൊവിഡ് കാലത്തെ വിരസത അകറ്റാനായിട്ടാണ് ബോട്ടില്‍ ആർട് തുടങ്ങിയതെങ്കിലും അച്ഛൻ അസി. സ്റ്റേറ്റ് ടാക്‌സ് ഓഫീസർ ചൂരേവേലി സക്കീർ ഹുസൈനും സർക്കാർ സ്‌കൂൾ അധ്യാപികയായ റസീനയും നല്‍കിയ പിന്തുണയില്‍ കൂടുതല്‍ മികവാർന്ന സൃഷ്ടികൾ വരച്ചെടുക്കുകയാണ്.