എറണാകുളം:കൊവിഡിന് പിന്നാലെ മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധയും ആശങ്കയുണർത്തുകയാണ്. ബ്ലാക്ക് ഫംഗസ് രോഗം എറണാകുളം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചത് മൂന്ന് പേർക്കാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസ് രോഗ ചികിത്സക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Read more: കേരളത്തിലും ബ്ലാക്ക് ഫംഗസ് മരണം സ്ഥിരീകരിച്ചു
വിവിധ തരം ഫംഗസുകൾ അഥവാ പൂപ്പലുകൾ സാധാരണയായി തൊലിപ്പുറത്ത് നിറവ്യത്യാസം, പാടുകൾ, ചൊറിച്ചിൽ, അപൂർവമായി ചുണ്ടിലും വായിലും നിറവ്യത്യാസം എന്നിവ ഉണ്ടാക്കും. തൊലിപ്പുറത്ത് ഉപയോഗിക്കാവുന്ന മരുന്നുകൾ ഉപയോഗിച്ച് രോഗം ഭേദമാക്കാനാകും. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരെ മ്യൂക്കർമൈക്കോസിസ് ബാധിക്കുമ്പോൾ സ്ഥിതിഗതികൾ ഗുരുതരമാകുന്നു. പ്രതിരോധശേഷി കുറഞ്ഞവർക്കാണ് ബ്ലാക്ക് ഫംഗസ് രോഗബാധയുണ്ടാകാൻ സാധ്യതയുള്ളത്. കൊവിഡ് ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളും രോഗപ്രതിരോധശേഷി കുറക്കുന്നതിനാലാണ് ഇത്തരക്കാരിൽ രോഗ സാധ്യത കൂടുന്നത്. അധികനാൾ വെൻ്റിലേറ്ററിൽ കഴിയുന്നവരിലും ഫംഗസ് ബാധയുണ്ടാകാൻ സാധ്യതയേറെയാണ്.