എറണാകുളം:കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. ഇന്ധന സെസ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസാണ് കരിങ്കൊടി പ്രതിഷേധവുമായെത്തിയത്. മുഖ്യമന്ത്രി അങ്കമാലിയിലെ അഡ്‌ലക്‌സ് സെന്‍ററില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രൊഫഷണൽ സമ്മിറ്റില്‍ പങ്കെടുത്ത് മടങ്ങവേയാണ് സംഭവം.
ഇന്ധന സെസിനെതിരെ പ്രതിഷേധം; മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ്. പ്രതിഷേധം ഇന്ധന സെസിനെതിരെ. പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍. മുഖ്യമന്ത്രിക്ക് നേരെ തുടര്‍ച്ചയായി മൂന്നാം തവണയാണ് കരിങ്കൊടി പ്രതിഷേധം.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് പ്രവര്‍ത്തകര്‍ ചാടി വീഴുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള പൊലീസുകാരും അങ്കമാലി പൊലീസും ചേര്‍ന്ന് പ്രവര്‍ത്തകരെ റോഡില്‍ നിന്ന് നീക്കി. കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാന സർക്കാർ ബജറ്റിൽ ഇന്ധന സെസ് പ്രഖ്യാപിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായെത്തുന്നത്. നേരത്തെ ആലുവയിലും എറണാകുളം ഗസ്റ്റ് ഹൗസിന് മുന്നിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു. കൊച്ചിയില്‍ മൂന്ന് പൊതു പരിപാടികളിൽ കൂടി ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന സാഹചര്യത്തിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. അതേസമയം മറൈൻഡ്രൈവിൽ ഉൾപ്പടെ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെത്തുമ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് സാധ്യതയുണ്ട്.