എറണാകുളം:രണ്ടായിരം രൂപയുടെ നോട്ട് പിൻവലിച്ച നടപടിയിൽ കള്ളപ്പണമില്ലാത്തവർക്ക് പ്രയാസമില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊച്ചിയിൽ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനും സിപിഎമ്മിനും വേവലാതിയുണ്ടാകും. അവരുടെ കയ്യിൽ അനധികൃത കളപ്പണമുണ്ടാകാം.
കണക്ക് കാണിച്ച് സെപ്‌റ്റംബർ 30 വരെ ബാങ്കിൽ പണം അടയ്ക്കാനുള്ള സൗകര്യമുണ്ട്. ആർക്കും പണം നഷ്‌ടമാകില്ല. കണക്ക് കാണിക്കാൻ പറ്റാത്തവർക്ക് നഷ്‌ടമുണ്ടാകും. അവരെ സംരക്ഷിക്കുന്നവർക്ക് വേവലാതിയുണ്ടാകും. അത് കൊണ്ടാണ് നോട്ട് നിരോധനത്തിനെതിരെ ആരോപണങ്ങൾ ഉയരുന്നത്. ഒരു തവണ നോട്ട് നിരോധിച്ചു. അതിനെ തുടർന്നുള്ള തുടർ നടപടികളുടെ ഭാഗമാണ് രണ്ടായിരം നോട്ടുകൾ പിൻവലിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കള്ളപ്പണത്തിനെതിരായ നടപടികൾ തുടരും. ഇനിയും ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാകും. രാജ്യം പൂർണമായും ഡിജിറ്റൽ എക്കോണമിയിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നടപടികൾ എന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ജനങ്ങൾ ഇതിനെ കയ്യടിച്ച് സ്വാഗതം ചെയ്യും. രാജ്യത്ത് സമ്പത്ത് വ്യവസ്ഥ വളരെ ശക്തമായ നിലയിലാണുള്ളത്. അഞ്ച് പ്രധാന സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറി കഴിഞ്ഞിട്ടുണ്ട്.
ഒന്നോ രണ്ടോ ദശകങ്ങൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. കള്ള നോട്ട് തടയാൻ ഇറക്കിയ രണ്ടായിരം രൂപയുടെ നോട്ട് പിൻവലിച്ചതും കള്ള നോട്ട് തടയാനാണെന്ന വിശദീകരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ നൽകിയത്. കള്ള പണക്കാർക്ക് മാത്രമാണ് ഇതിൽ വേവലാതി വേണ്ടത്. തനിക്ക് മനസിലാകാത്തത് കോൺഗ്രസും സിപിഎമ്മും കണക്കിൽ പെടാത്ത പണം സൂക്ഷിക്കുന്നവർക്ക് വേണ്ടി സംസാരിക്കുന്നത് എന്തിനാണ് എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.