എറണാകുളം: ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും നേതാക്കൾ തമ്മിൽ സമവായമായില്ല. കൊച്ചിയിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു. കൃഷ്‌ണദാസ് പക്ഷമാണ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. വി.മുരളീധരനെയും കെ.സുരേന്ദ്രനെയും പ്രതികൂട്ടിൽ നിർത്തിയായിരുന്നു വിമർശനം. കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ പ്രതിനിധി സി.പി.രാധാകൃഷ്‌ണന്‍റെ സാന്നിധ്യത്തിലായിരുന്നു ഭാരവാഹികളുടെ വിമർശനം.
പാർട്ടിയിലെ ഭിന്നത പരിഹരിക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രൻ ഉൾപ്പടെയുള്ള ഒരു വിഭാഗം നേതാക്കൾ പങ്കെടുത്തില്ല. തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ചും യോഗത്തിൽ ചർച്ചകൾ നടന്നു. നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നത സംഘടന പ്രവർത്തനത്തെ ബാധിച്ചതായി ഭാരവാഹികളിൽ ചിലർ ചൂണ്ടിക്കാട്ടി. ഇത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ഔദ്യോഗിക നേതൃത്വത്തെ എതിർക്കുന്നവർ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.