എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ നിയമവിരുദ്ധമായി സ്വീകരണം സംഘടിപ്പിച്ചത് രജിത് കുമാർ ഉൾപ്പടെയുള്ള പ്രതികളുടെ അറിവോടെയെന്ന് എഫ്.ഐ.ആർ. രണ്ടാം പ്രതി ഷിയാസ് കരിം, മൂന്നാം പ്രതി പരീക്കുട്ടി, നാലാം പ്രതി ഇബാസ് റഹ്മാൻ എന്നിവരുടെയും ഒന്നാം പ്രതിയുടെയും നേതൃത്വത്തിലാണ് സ്വീകരണം നടന്നത്. അതേസമയം ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18ആയി. രജിത് കുമാറിനെ ജാമ്യം നൽകി വിട്ടയച്ചു. വിമാനത്താവളത്തിന്‍റെ 500 മീറ്റർ പരിധിയിൽ പ്രകടനമുൾപ്പടെയുള്ള പരിപാടികൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് പ്രതികൾ പ്രവർത്തിച്ചതെന്നും എ.എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
രജിത് കുമാറിന്‍റെ സ്വീകരണം പ്രതികളുടെ അറിവോടെ - എറണാകുളം
അറസ്റ്റിലായ ഒന്നാം പ്രതി രജിത് കുമാറിനെ ജാമ്യത്തിൽ വിട്ടു. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി.
കൊവിഡ് 19 പശ്ചാത്തലത്തിൽ നടന്ന നിയമവിരുദ്ധ സ്വീകരണത്തിനെതിരെ ശക്തമായ വിമർശനമുയർന്ന സാഹചര്യത്തിലാണ് പ്രതികൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയത്. പേരറിയാവുന്ന 4 പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയുമാണ് നിയമലംഘനത്തിന് കേസെടുത്തത്. നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്.
സന്ദർശകർക്കുള്ള പ്രവേശനം സിയാൽ നിരോധിച്ചതിനാൽ പിരിഞ്ഞ് പോകണമെന്ന് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ രജിത് ഫാൻസ് തയ്യാറായില്ല. ഇതേ തുടർന്നാണ് നിയമവിരുദ്ധമായി സംഘം ചേരൽ, ശബ്‌ദ മലിനീകരണം സൃഷ്‌ടിച്ചുള്ള ആഹ്‌ളാദ പ്രകടനം, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ പ്രവർത്തിക്കുക, പൊതുവഴി തടയുക തുടങ്ങിയ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ് .