എറണാകുളം : ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ നടി ലീന മരിയ പോളിന്‍റെ മൊഴിയെടുത്തു. തന്നെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത് രവി പൂജാരി തന്നെയെന്ന് നടി തിരിച്ചറിഞ്ഞു. കസ്റ്റഡി കാലാവധി പൂർത്തിയാവുന്ന നാളെ രവി പൂജാരിയെ കൊച്ചി എ.സി.ജെ.എം കോടതിയിൽ ഹാജരാക്കും. അന്വേഷണത്തിൽ ഇതുവരെ ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി വിചാരണ കോടതിയിൽ നാളെ റിപ്പോർട്ട് സമർപ്പിക്കും.
നേരത്തെ മൊഴിയെടുക്കാൻ ബ്യൂട്ടിപാർലർ ഉടമ ലീന മരിയയ്ക്ക് നോട്ടിസ് നൽകിയിരുന്നെങ്കിലും നേരിട്ട് ഹാജരാകാൻ അസൗകര്യം അറിയിക്കുകയായിരുന്നു. ഇതേതുടർന്ന്, ഓൺലൈനായാണ് മൊഴിയെടുത്തത്. ഒരു മണിക്കൂറോളമാണ് മൊഴിയെടുക്കൽ നീണ്ടത്. രവി പൂജാരിയുടെ ശബ്ദരേഖ നടിയെ കേൾപ്പിക്കുകയും അവർ തിരിച്ചറിയുകയും ചെയ്തു. പണം ആവശ്യപ്പെട്ട് തന്നെ വിളിച്ചത് ഇയാൾ തന്നെയാണെന്ന് ലീന മരിയ മൊഴി നൽകി.