എറണാകുളം: വെറുതെയിരിക്കുന്ന സമയം പലരും പല രീതിയിലാണ് ഉപയോഗിക്കുന്നത്. ചിലർ മൊബൈൽ ഫോണിന്‍റെയും ടെലിവിഷന്‍റെയും പിന്നാലെ പോകുമ്പോൾ ആ സമയത്തെ വ്യത്യസ്‌തമായ രീതിയിൽ പ്രയോജനപ്പെടുത്തുകയാണ് എറണാകുളം ജില്ലയിലെ കോതമംഗലം, ചെറുവട്ടൂർ സ്വദേശി രവീന്ദ്രൻ ചെങ്ങനാട്ട്.
പാഴ്‌വസ്‌തുക്കളിൽ നിന്ന് മനോഹര ശിൽപങ്ങളുമായി രവീന്ദ്രൻ ചെങ്ങനാട്ട് - Raveendran Chenganad
കല്ല്, മണ്ണ്, ഈറ്റ, മുള, തെർമോകോൾ, തേങ്ങ, പാഴ്‌വസ്‌തുക്കൾ തുടങ്ങിയവയാണ് രവീന്ദ്രൻ ശിൽപ നിർമാണത്തിനായി ഉപയോഗിക്കുന്നത്.
ആർക്കും വേണ്ടാതെ വലിച്ചെറിയുന്ന പാഴ്‌വസ്‌തുക്കൾ കൊണ്ട് മനോഹരമായ ശിൽപങ്ങളാണ് രവീന്ദ്രൻ തന്‍റെ കരവിരുതിലൂടെ സൃഷ്‌ടിക്കുന്നത്. എ.പി.ജെ അബ്‌ദുൾ കലാം, വയനാട്ടിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു, കവി അനിൽ പനച്ചൂരാൻ, എഴുത്തുകാരി സുഗതകുമാരി, പെരുന്തച്ചൻ, നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം തുടങ്ങിയവരുടെ ജീവൻ തുടിക്കുന്ന ശിൽപങ്ങൾ രവീന്ദ്രന്‍റെ വീട്ടിലേക്ക് ചെന്നാൽ കാണാൻ സാധിക്കും. ഇതിനോടകം ഇരുന്നൂറിൽപരം ശിൽപങ്ങളാണ് രവീന്ദ്രന്‍റെ കരവിരുതിൽ പിറവി എടുത്തിരിക്കുന്നത്. കല്ല്, മണ്ണ്, ഈറ്റ, മുള, തെർമോകോൾ, തേങ്ങ, പാഴ്‌വസ്‌തുക്കൾ തുടങ്ങിയവയാണ് അദ്ദേഹം ശിൽപ നിർമാണത്തിനായി ഉപയോഗിക്കുന്നത്.
കൽപ്പണിക്കാരനായ രവീന്ദ്രൻ ജോലിയില്ലാത്ത ദിവസങ്ങളിലാണ് തന്‍റെ കരവിരുതിനായി സമയം മാറ്റി വയ്‌ക്കുന്നത്. പിന്തുണയുമായി ഭാര്യയും മക്കളും കൂടെയുണ്ട്. ആദരവുകൾ പലതും കിട്ടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ കഴിവിന് അനുസരിച്ചുള്ള പ്രോത്സാനങ്ങൾ ഇതുവരെ കിട്ടിയിട്ടില്ല. നിരവധി പേർ രവീന്ദ്രന്‍റെ ശില്പങ്ങള്‍ കാണാന്‍ വീട്ടില്‍ എത്താറുണ്ട്. പാഴ്‌വസ്‌തുക്കളിൽ നിന്ന് കൗതുകകരമായ ശിൽപങ്ങൾ നിർമിച്ച് അതിൽ ആസ്വാദനം കണ്ടെത്തുകയാണ് അദ്ദേഹം.