എറണാകുളം: ആലുവ ആലങ്ങാട് ഭർത്താവിന്‍റെ വീട്ടിൽ ഗർഭിണിയായ യുവതിയും പിതാവും ക്രൂര മർദനത്തിനിരയായ സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ജൗഹർ ഉൾപ്പടെ നാല് പേർക്കെതിരെയാണ് കേസെടുത്തത്. സ്ത്രീധന നിരോധന നിയമങ്ങൾ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്‌തത്.
കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലായിരുന്നു ആലുവ സ്വദേശി നഹലത്തിന്‍റെയും മന്നം സ്വദേശി ജൗഹറിന്‍റെയും വിവാഹം നടന്നത്. എട്ട് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുടെ സ്വർണവുമാണ് വിവാഹ സമയത്ത് സ്ത്രീധനം നൽകിയതെന്നാണ് യുവതിയുടെ ബന്ധുക്കൾ നൽകുന്ന വിവരം. എന്നാൽ ഇത് പോരെന്ന് പറഞ്ഞ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ഭർത്താവും ഭർതൃ മാതാവ് സുബൈദയും മാനസികമായി പീഡിപ്പിക്കുകയും, ഭർത്താവ് ജൗഹർ ശാരിരികമായി ഉപദ്രവിക്കുകയും ചെയ്‌തിരുന്നുവെന്നാണ് നഹ്‌ലത്തിന്‍റെ ആരോപണം.