കൊച്ചി :നോക്കുകൂലിക്കെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. തുടര്‍ച്ചയായി നോക്കുകൂലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നതില്‍ കോടതി നടുക്കം രേഖപ്പെടുത്തി. സംസ്ഥാനത്ത് നോക്കുകൂലിയുടെ പേരിലുള്ള 'മിലിറ്റന്‍ഡ് ട്രേഡ് യൂണിയനിസം' നടത്താന്‍ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.
നോക്കുകൂലി പോലുള്ള കാരണങ്ങളാല്‍ സംരഭകര്‍ കേരളത്തിലേക്ക് വരാന്‍ മടിക്കുന്നുണ്ട്. ഈ പ്രവണത മാറണം. നോക്കുകൂലി സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കണമെന്നും കോടതി നിര്‍ദേശിച്ചു. കക്ഷിഭേദമന്യേ നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെതാണ് നിരീക്ഷണങ്ങള്‍.
തന്‍റെ ഹോട്ടല്‍ നടത്താന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഉടമ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജോലി നഷ്ടപ്പെട്ടാല്‍ തൊഴിലാളികള്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. അതിന് പകരം അക്രമം കാണിക്കുന്നത് അംഗീകരിക്കാന്‍ ആകില്ല.