എറണാകുളം :സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയിൽ പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക. മൊഴി നൽകാനായി എളമക്കര സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ പൊലീസ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. മൊഴിയെടുക്കേണ്ടിയിരുന്ന അഡീഷണൽ എസ്.പി എത്താൻ വൈകിയതോടെയാണ് മറ്റ് നടപടികളിലേക്ക് പൊലീസ് കടന്നത്.
പൊലീസ് പരാതിക്കാരിയോട് മുൻവിധിയോടെ പെരുമാറുന്നുവെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷക കൂടിയായ വിമല ദേവി പറഞ്ഞു. പരാതി നൽകാൻ വൈകിയതിന് വ്യക്തമായ കാരണമുണ്ട്. ഇത് കോടതിക്ക് മുന്നിൽ ബോധിപ്പിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.
കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കായിരുന്നു പരാതി നൽകിയത്. ഇതേതുടർന്നാണ് പീഡന പരാതിയിൽ എളമക്കര പൊലീസ് കേസെടുത്തത്. സിനിമ ഗാനരചയിതാവിന്‍റെ കൊച്ചിയിലെ വീട്ടിൽ വച്ച് പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.