എറണാകുളം: ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടര വയസുകാരിയുടെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ പുരോഗതി. കുഞ്ഞ് കണ്ണ് തുറക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്നു. ഖരരൂപത്തിലുളള ഭക്ഷണവും കുഞ്ഞിന് നൽകുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ആളുകളോട് പ്രതികരിക്കുന്ന കുഞ്ഞ് ചിരിക്കുന്നുണ്ട്. പക്ഷെ സംസാര ശേഷി വീണ്ടെടുക്കാനോ സ്വന്തമായി എഴുന്നേറ്റ് ഇരിക്കാനോ കഴിയുന്നില്ല. ഹൃദയമിടിപ്പ്, ശരീരോഷ്‌മാവ്, രക്തസമ്മർദം സാധാരണ നിലയിൽ തുടരുന്നു. കുഞ്ഞിന്‍റെ സംസാര ശേഷിക്ക് തകരാറ് സംഭവിക്കാനുള സാധ്യത കൂടുതലാണെന്ന് ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
ഫെബ്രുവരി 20ന് രാത്രിയാണ് അപസ്‌മാരത്തെ തുടർന്ന് തൃക്കാക്കരയിൽ താമസിക്കുന്ന രണ്ടര വയസുകാരിയെ അമ്മയും അമ്മൂമ്മയും ചേർന്ന് പഴങ്ങനാടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കണ്ടെത്തി. ഇതോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.