എറണാകുളം : നടൻ ജോജു ജോർജിനെ പിന്തുണച്ച് ഫെഫ്‌ക പ്രസിഡന്‍റ് ബി.ഉണ്ണികൃഷ്ണൻ. ദേശീയ പാത ഉപരോധിച്ചതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ ഒരു കീമോ പേഷ്യന്‍റിന്‍റെ കാര്യമാണ് അദ്ദേഹം ചൂണ്ടികാണിച്ചതെന്ന് ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇത്തരമൊരു വിഷയത്തിൽ കലാകാരനായ അദ്ദേഹം വൈകാരികമായി പ്രതികരിക്കുകയായിരുന്നു.
അതിന്‍റെ ഭാഗമായി വാക്കേറ്റമുണ്ടായത് സ്വാഭാവികമാണ്. പക്ഷേ അദ്ദേഹത്തിന്‍റെ വാഹനം തകർത്തതിൽ ശക്തമായ പ്രതിഷേധമുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്‍റെ മനസ് കീഴടക്കിയ കലാകാരനെ ഗുണ്ടയെന്ന് വിളിച്ച കെപിസിസി പ്രസിഡന്‍റിന്‍റെ നടപടിയെയും അപലപിക്കുന്നു.
പ്രതിഷേധം പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം ജോജുവുമായി സംസാരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ജോജുവിന്‍റെ വാഹനം തകർത്തതിലും, കെപിസിസി പ്രസിഡന്‍റ് തെരുവ് ഗുണ്ടയെന്ന് വിളിച്ചതിലുമുള്ള തങ്ങളുടെ പ്രതിഷേധം പൊതുസമൂഹത്തെ അറിയിക്കുകയാണന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.