കൊച്ചി: കോയമ്പത്തൂരിന് സമീപം അവിനാശിയിൽ കെഎസ്ആർടിസി ബസ് അപകടത്തിലായ വാർത്ത പരന്നത് മുതൽ എറണാകുളം ഡിപ്പോയിലെ ജീവനക്കാർ ഞെട്ടലിലായിരുന്നു. അപകടത്തിൽ തങ്ങളുടെ രണ്ട് സഹപ്രവർത്തകർ ഉൾപ്പടെ പത്തൊമ്പത് പേർ മരിച്ചെന്ന വിവരം ലഭിച്ചതോടെ എല്ലാം ശോക മൂകമായി. പലർക്കും കണ്ണീരടക്കാനായില്ല. വർഷങ്ങളായി അടുത്തറിയുന്ന ഏറ്റവും നല്ല സുഹൃത്തുക്കളെ എന്നേക്കുമായി നഷ്ടമായെന്നത് പലർക്കും ഉൾകൊള്ളാനായില്ല. എറണാകുളം ഡിപ്പോയാകെ മരണ വീടിന്‍റെ പ്രതീതിയിലേക്കാണ് പിന്നീട് നീങ്ങിയത്..
അവിനാശി അപകടം; വിയോഗം താങ്ങാനാകാതെ സഹപ്രവർത്തകർ - അവിനാശി അപകടം
വർഷങ്ങളായി അടുത്തറിയുന്ന ഏറ്റവും നല്ല സുഹൃത്തുക്കളെ എന്നേക്കുമായി നഷ്ടമായെന്നത് പലർക്കും ഉൾകൊള്ളാനായില്ല
കെഎസ്ആർടിസിയുടെ ചരിത്രത്തിലും തന്‍റെ സർവീസ് ജീവിതത്തിലും ഇത്തരത്തിലുള്ള അപകടം ആദ്യമായാണെന്ന് എറണാകുളം ഡിപ്പോയിലെ കൺട്രോളിങ് ഇൻസ്പെക്ടർ എ.വി. ഉണ്ണികൃഷ്ണൻ ഇ.ടി.വി. ഭാരതിനോട് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നതിന് മുമ്പായിരിക്കും സഹപ്രവർത്തകരും മറ്റു യാത്രക്കാരും അപകടത്തിൽപ്പെട്ടത്. കൃത്യസമയത്ത് സർവ്വീസ് നടത്തുകയും യാത്രക്കാരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തവരായിരുന്നു ഗിരീഷും ബൈജുവും. ഇരുവരുടെയും വേർപാട് കെഎസ്ആർടിസിക്ക് നികത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നും ചിരിച്ചു കൊണ്ടു മാത്രം സംസാരിക്കുന്ന സഹപ്രവർത്തകർ ഇനിയില്ലായെന്നത് ഉൾകൊള്ളാനാവുന്നില്ലെന്ന് ഡിപ്പോയിലെ ഡ്രൈവറായ അജിത്ത് പറഞ്ഞു. ഇരുവരുടെയും സേവനം വിലമതിക്കാനാവാത്തതാണ്. തിങ്കളാഴ്ച കണ്ട് സംസാരിച്ച് പിരിഞ്ഞതായിരുന്നു. രണ്ട് സഹപ്രവർത്തകരുടെയും അകാലത്തിലുള്ള വേർപാടിന്‍റെ ഞെട്ടൽ മാറുന്നില്ലന്നും അജിത്ത് പറഞ്ഞു. രണ്ടരവർഷത്തോളം ഒരുമിച്ച് ബെംഗളൂരൂ റൂട്ടിൽ ഒന്നിച്ച് ജോലി ചെയ്തിരുന്ന ഡ്രൈവർ ബാദുഷയ്ക്ക് പറയാനുള്ളതും മറ്റൊന്നല്ല. ഇരുവരുടെയും വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ടും നല്ല വ്യക്തിത്വത്തിന്‍റെ ഉടമകൾ. പറയാൻ വാക്കുകളില്ലായെന്ന് പറഞ്ഞ് ബാദുഷയും സംസാരം അവസാനിപ്പിച്ചു.